മത നേതാക്കളുടെ നാവില്‍ നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്, സമാധാവും സൗഹൃദവുമാണ് ഉദ്‌ഘോഷിക്കേണ്ടതെന്ന് മാര്‍പാപ്പ
മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂത മതനേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സൗഹാര്‍ദ പക്ഷത്ത് നില്‍ക്കണമെന്നും ദൈവം സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.
അപരന്റെ പേര് പറഞ്ഞല്ല ദൈവത്തിന്റെ പേര് പറഞ്ഞാണ് സംഘടിക്കേണ്ടത്. മതനേതാക്കളുടെ നാവില്‍ വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. അവര്‍ ഉദ്‌ഘോഷിക്കേണ്ടത് സമാധാനവും സൗഹൃദവുമാണെന്നും മാര്‍പാപ്പ പറഞ്ഞു.
ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണമെന്നും അവരോട് തുറന്ന മനസോടെ പെരുമാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
ജൂത വിരുദ്ധതയുടെ അംശങ്ങള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും ഇപ്പോഴും തുടരുന്നുണ്ടെന്നും മാര്‍പാപ്പ ഹംഗറിയില്‍ പറഞ്ഞു. ഹംഗറിയിലെത്തിയ മാര്‍പാപ്പ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി 40 മിനുറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ച നടത്തി. വിക്ടര്‍ ഓര്‍ബന്റെ കുടിയേറ്റ വിരുദ്ധ സമീപനം ഉള്‍പ്പെടെ പല നിലപാടുകളോടും മാര്‍പാപ്പയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.