മൊഴികളില്‍ പൊരുത്തക്കേടുകള്‍; കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

മൊഴികളില്‍ പൊരുത്തക്കേടുകള്‍;  കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചന കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കാവ്യാ മാധവന്‍ നല്‍കിയ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കാവ്യാ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അടക്കമുള്ളവരുടെ അനുമതിയോടെയാകും തുടര്‍ നടപടികള്‍.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുന്‍ വൈരാഗ്യമുണ്ടായിരുന്നോ? എങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്ത തേടുന്നത്. എന്നാല്‍ തുടരന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ കാവ്യയുടെ മൊഴി നിര്‍ണായകമാണെങ്കില്‍ മാത്രം വീണ്ടും ചോദ്യം ചെയ്താല്‍ മതിയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.

ആലുവയിലെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തത്. സാക്ഷിയായതുകൊണ്ട് തന്നെ മൊഴിയെടുക്കാന്‍ വീട്ടില്‍ എത്തണമെന്ന് കാവ്യമാധവന്‍ അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ എസ്.പി സുദര്‍ശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. പി മോഹന ചന്ദ്രനും ഒരുമിച്ച് വീട്ടില്‍ എത്തിയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. നാലര മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു.