വിവാഹ സദ്യയ്ക്കിടയിലെ പപ്പട തല്ല്; 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വിവാഹ സദ്യയ്ക്കിടയിലെ പപ്പട തല്ല്; 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പപ്പടം അധികം ചോദിച്ചതിന്റെ പേരില്‍ വിവാഹ സദ്യയ്ക്കിടെ നടന്ന കൂട്ടയടിയില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കരീലകുളങ്ങര പൊലീസ് ആണ് കേസെടുത്തത്. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരില്‍ അടി നടന്നത്. കൂട്ടയടിയില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരില്‍ മുരളീധരന്‍, വിവാഹത്തിനെത്തിയ ജോഹന്‍, ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ അധികം പപ്പടം ഇചോദച്ചു. വിളമ്പുകാര്‍ അത് നല്‍കാതിരുന്നതിന്റെ പേരിലാണ് അടി നടന്നത്. ആളുകള്‍ രണ്ട് ചേരിയായി തിരിഞ്ഞ് കസേരകളും മേശയുമെടുത്ത് പരസ്പരം അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തെ തട്ടാരമ്പലത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുരളീധരന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തകര്‍ത്തതായും പരാതിയുണ്ട്. 1.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് മൊഴി. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in