അലന്‍ ഷുഹൈബ് ജ്യാമ്യവ്യവസ്ഥ ലംഘിച്ചതായി പോലീസ് റിപ്പോര്‍ട്ട്

അലന്‍ ഷുഹൈബ് ജ്യാമ്യവ്യവസ്ഥ ലംഘിച്ചതായി പോലീസ് റിപ്പോര്‍ട്ട്

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പോലീസ് റിപ്പോര്‍ട്ട്. അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ചുമതലയുള്ള പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥാണ് എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

റാഗിംഗ് നടത്തിയെന്ന് ആരോപിച്ച് എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്ന് ധര്‍മ്മടം പോലീസ് അലനെതിരെ കേസ് എടുത്തിരുന്നു. ഏതെങ്കിലും കേസില്‍ പ്രതിയാകുന്നത് എന്‍ ഐ എ കോടതിയുടെ ജ്യാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്ന കാര്യമാണ്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അലനെതിരെ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്

കണ്ണൂര്‍ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിലെ ലീഗൽ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് അലനെതിരെ റാഗിംഗ് പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം കോളേജില്‍ ഉണ്ടായ പ്രശനത്തില്‍ എസ് എഫ് ഐക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിലാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കുന്നതെന്നാണ് അലന്‍ പറയുന്നത്. എസ് എഫ് ഐ പക വീട്ടുകയാണെന്നും കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അലന്‍ പറയുന്നു. എന്നാല്‍ അലന്റെ ആരോപണങ്ങള്‍ എസ് എഫ് ഐ നിഷേധിച്ചിരുന്നു.

2019 നവംബർ ഒന്നിനാണ് അലനെയും ത്വാഹയെയും മാവോയിസ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശേഷം രണ്ടുപേർക്കും എൻ.ഐ.എ കോടതി ജാമ്യം നൽകിയെങ്കിലും എൻ.ഐ.എ, ഹൈക്കോടതിയിൽ അപ്പീൽ പോയതിനെ തുടർന്ന് ത്വാഹയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതിയാണ് വീണ്ടും ത്വാഹയ്ക്ക് ജാമ്യം അനുവദിക്കുന്നത്. അറസ്റ്റിനെ തുടർന്ന് പഠനം മുടങ്ങിയ അലൻ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് കോഴ്സിലേക്ക് റീ അഡ്മിഷൻ എടുക്കുകയായിരുന്നു. എൽ.എൽ.ബി പൂർത്തിയാക്കാൻ ഇനി ഒരു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോർട്ട് നൽകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in