ഗെയിറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച്, ഒരേ സമയം മൂന്നിടത്ത് റെയ്ഡ്; പരിശോധന കോടതി ഉത്തരവില്‍

ഗെയിറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച്, ഒരേ സമയം മൂന്നിടത്ത് റെയ്ഡ്; പരിശോധന കോടതി ഉത്തരവില്‍
Published on

നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍ അന്വേഷണത്തെ തുടര്‍ന്ന് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ക്രൈംബ്രാഞ്ച്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് റെയ്ഡ്. രാവിലെ 11.45ഓടെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ പത്മസരേവരം വീട്ടിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. അതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ട് പറമ്പിലേക്ക് പ്രവേശിച്ചത്.

റെയ്ഡ് വിവരം അറിഞ്ഞ് ദിലീപിന്റെ വീട്ടിലെത്തിയ സഹോദരിയാണ് ഉദ്യോഗസ്ഥര്‍ക്ക് ഗെയിറ്റും വാതിലും തുറന്ന് കൊടുത്തത്. ദിലീപിന്റെ വീടിന് പുറമെ സഹോദരന്‍ അനൂപിന്റെ വീട്ടിലും സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ഒരേ സമയം ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നുണ്ട്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം സഹോദരന്‍ അനൂപിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.

ആലുവയിലെ വീട്ടില്‍ പരിശോധന നടക്കുന്നതിനിടയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസും എത്തിയിരുന്നു. റെയ്ഡ് തുടങ്ങി കുറച്ച് സമയത്തിന് ശേഷം വീട്ടിലേക്ക് ഒരു ഇന്നോവ കാര്‍ വന്നിരുന്നെന്നും അത് ദിലീപിന്റെ സഹോദരന്‍ അനൂപാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ അത് ദിലീപ് തന്നെയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇന്ന് ദിലീപിനെ ചോദ്യം ചെയ്യുകയില്ല. പരിശോധന മാത്രമാണ് നടക്കുക.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് അക്കമുള്ളവര്‍ പദ്മസരോവരം എന്ന ആലുവയിലെ വീട്ടിലിരുന്ന് കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഈ വീട്ടിലെ ഹാളില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

അന്വേഷണ സംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപക പരിശോധന. ബുധനാഴ്ച നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in