സമരം ചെയ്യുന്നവരെങ്ങനെ തീവ്രവാദികളാകും? മൊഫിയ കേസില്‍ സമരം ചെയ്തവര്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവാദത്തില്‍

സമരം ചെയ്യുന്നവരെങ്ങനെ തീവ്രവാദികളാകും? മൊഫിയ കേസില്‍ സമരം ചെയ്തവര്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവാദത്തില്‍

നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്റെ മരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവാദമാകുന്നു. സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന രീതിയിലാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പടെയുള്ളവര്‍ രൂക്ഷ വിമര്‍ശനം അറിയിച്ചു.

അറസ്റ്റിലായ സമരക്കാര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് അന്‍വര്‍ സാദത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം അറിയിച്ചത്. നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലീസ് നയം കേരളത്തിന് അപമാനമാണ്. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണെന്നും എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

അന്‍വര്‍ സാദത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലീസ് നയം കേരളത്തിന് അപമാനമാണ്.

വിദ്യാര്‍ത്ഥി നേതാവ് അല്‍ .അമീന്‍ അഷറഫ്, നേതാക്കളായ നെജീബ്, അനസ് എന്നിവര്‍ മോഫിയാ പര്‍വീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരല്ല. പൊതു പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസുകാരാണ്. പക്ഷെ പോലീസ് ഇവരില്‍ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ അവരെ തീവ്രവാദികളാക്കി മാറ്റിയ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റൂറല്‍ എസ്.പി കാര്‍ത്തിക്കിനെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പോലീസ് നടപടികള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in