ഖലിസ്ഥാന്‍ തീവ്രവാദികളാക്കി ചിത്രീകരിച്ചു, കങ്കണയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡല്‍ഹിയിലെ സിഖുകാര്‍

ഖലിസ്ഥാന്‍ തീവ്രവാദികളാക്കി ചിത്രീകരിച്ചു, കങ്കണയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡല്‍ഹിയിലെ സിഖുകാര്‍

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി. സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹപരവും ആക്ഷേപകരവുമായ പരാമര്‍ശം നടത്തിയതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

കങ്കണ കര്‍ഷക സമരത്തെ ഖലിസ്ഥാനി പ്രസ്ഥാനമെന്ന തരത്തില്‍ചിത്രീകരിക്കുന്നത് മനപൂര്‍വ്വമാണെന്നും ഡി.എസ്.ജി.എം സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സിക്കുകാരെ ഖലിസ്ഥാനി തീവ്രവാദികളാക്കി ചിത്രീകരിക്കുകയും 1984ലെ സിഖ് കൂട്ടക്കൊല ആസൂത്രിതമാണെന്നുമുള്ള തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

കങ്കണയ്‌ക്കെതിരെ കര്‍ശനമായ നിയമനടപടി എടുക്കണമെന്നും ഡി.എസ്.ജി.എം പറയുന്നുണ്ട്. സിഖ് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും പരാതിയില്‍ ഡി.എസ്.ജി.എം പറയുന്നു.

കങ്കണ പദ്മ ശ്രീ അര്‍ഹിക്കുന്നില്ലെന്ന് ഡി.എസ്.ജി.എം പ്രസിഡന്റായ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജിന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

കങ്കണയെ ഒരു മനോരോഗ വിദഗ്ധനെ കാണിക്കുകയോ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടു ചെന്ന് ആക്കുകയോ വേണമെന്നാണ് മഞ്ജിന്ദര്‍ സിംഗ് പറഞ്ഞത്.

വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കങ്കണ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ നടപടി നിരാശപ്പെടുത്തുന്നതാണെന്ന പ്രതികരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു.

ഖലിസ്ഥാനികളെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ചെരുപ്പുകൊണ്ട് കൊതുകിനെ ഞെരിക്കുന്നത് പോലെയാണ് ഞെരിച്ചതെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിഖുകാരെ ഖലിസ്ഥാനികളായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഡി.എസ്.ജി.എം രംഗത്തെത്തിയത്.

'കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദു:ഖവും അപമാനമുണ്ടാക്കുന്നതുമാണ്. പാര്‍ലമെന്റിന് പകരം ജനങ്ങള്‍ തെരുവുകളില്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതുമൊരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്,'' എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇതിനൊപ്പം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികമായ ഇന്ന് ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ച് അതിന് താഴെ 'രാജ്യത്തിന്റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോള്‍, ലാത്തി മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല പരിഹാരം.. ജന്മദിനാശംസകള്‍ പ്രധാനമന്ത്രി മാഡം,' എന്നും കങ്കണ കുറിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in