Around us
സ്ഥിരം കുറ്റവാളി, അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്കും കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് പൊലീസിന്റെ ശുപാര്‍ശ.
അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതടക്കം വിലക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങളും ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള സ്ഥിരം കുറ്റവാളിയാണ് അര്‍ജുന്‍ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
2021 ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.