പാണക്കാട്ടും ചന്ദ്രികയിലും മേസ്തിരിമാരെ വെച്ചിട്ടില്ല, ബിരിയാണിച്ചെമ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കില്ല; പികെ അബ്ദുറബ്ബ്

പാണക്കാട്ടും ചന്ദ്രികയിലും മേസ്തിരിമാരെ വെച്ചിട്ടില്ല, ബിരിയാണിച്ചെമ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കില്ല; പികെ അബ്ദുറബ്ബ്

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഭാഗമായുള്ള പ്രസിദ്ധീകരണങ്ങളായ ചന്ദ്രിക ആഴ്ചപതിപ്പും ചന്ദ്രിക മഹിളാ ചന്ദ്രികയും നിര്‍ത്തുന്ന എന്ന വാര്‍ത്തയില്‍ പ്രതികരിച്ച കെ.ടി ജലീലിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ചന്ദ്രിക പൂട്ടുന്നേ എന്ന് പറഞ്ഞ് ബിരിയാണിച്ചെമ്പില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമമെന്നും അബ്ദുറബ്ബ് പറഞ്ഞു.

ബിരിയാണി കരിഞ്ഞപ്പോള്‍ പണ്ടാരി പണിഞ്ഞ സൂത്രം ഇവിടെ നടക്കില്ല, ക്ലിഫ് ഹൗസിലെത്തിയ ബിരിയാണിച്ചെമ്പിന്റെ കഥ ജനമറിയട്ടെ എന്നും അബ്ദു റബ്ബ് ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പറഞ്ഞു.

'തന്നെ തീര്‍ക്കാന്‍ നടക്കുന്ന നേരത്ത് ചന്ദ്രികയെ നോക്കിക്കോളിം' എന്നാണ് ചിലരുടെ ഉപദേശം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പിറവി കൊള്ളും മുമ്പുണ്ടായ പത്രമാണ് ചന്ദ്രിക. ആ ചന്ദ്രികക്ക് ഇത്ര കാലം ജീവനുണ്ടായിരുന്നെങ്കില്‍, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അവസാനശ്വാസം വരെ ആ ചന്ദ്രികക്കും ജീവനുണ്ടാകും,' പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഞങ്ങളുടെ നേതാക്കന്‍മാര്‍ക്കറിയാം, പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും ഞങ്ങള്‍ മേസ്തിരിമാരെ വെച്ചിട്ടില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. കൂടെക്കൂടുന്നവര്‍ക്കൊക്കെ ശല്യമാണെന്ന് കരുതി, മൂട്ടയെ കൊല്ലാന്‍ ഞങ്ങള്‍ പീരങ്കിയെടുക്കാറില്ലെന്നും റബ്ബ് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജവും പണവും ചന്ദ്രികയ്ക്ക് ചെലവാക്കിയിരുന്നെങ്കില്‍ നിര്‍ത്തേണ്ടി വരില്ലെന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. തന്നെ തെറി വിളിക്കുന്ന സൈബര്‍ വീരന്മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യൂ എന്നും ജലീല്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

'ആറ് വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?

ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല,' കെടി ജലീല്‍ പറഞ്ഞു.

ചന്ദ്രിക ആഴ്ചപതിപ്പ് പ്രസിദ്ധീകരിക്കണം നിര്‍ത്തുന്നത് സാമ്പത്തിക പ്രതിസന്ധിമൂലമാണെന്ന് ഡയറക്ടര്‍ ബോര്‍ഡിന് വേണ്ടി ഫിനാന്‍സ് ഡയറക്ടര്‍ പിഎംഎ സമീര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്. 1932ലാണ് ചന്ദ്രിക പ്രസിദ്ധീകരണം തുടങ്ങിയത്. സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ ആഴ്ചപതിപ്പിന്റെ പത്രാധിപരായി ഇരുന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in