ഫോണ്‍ നിര്‍ബന്ധമായും പരിശോധിക്കണം; പ്രതീക്ഷിക്കാത്ത തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് ബാലചന്ദ്രകുമാര്‍

ഫോണ്‍ നിര്‍ബന്ധമായും പരിശോധിക്കണം; പ്രതീക്ഷിക്കാത്ത തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് ബാലചന്ദ്രകുമാര്‍

ദിലീപിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന ഹൈക്കോടതി പരമാര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഫോണ്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണം. പൊലീസ് പ്രതീക്ഷിക്കാത്ത നിര്‍ണ്ണായക തെളിവുകള്‍ പരിശോധനയില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഫോണുകള്‍ ഹാജരാക്കാന്‍ ഒരുപാട് വൈകി പോയി. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് 2017ല്‍ ദിലീപ് ജയിലില്‍ ആയിരുന്ന സമയത്ത് ഉപയോഗിച്ച ഫോണ്‍ നിര്‍ബന്ധമായും ഹാജരാക്കണം. ആ ഫോണില്‍ പൊലീസ് പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കാള്‍ സങ്കീര്‍ണ്ണമായ തെളിവുകള്‍ ആ ഫോണിലൂടെ പുറത്തുവരും. മാത്രമല്ല ഞാന്‍ ദിലീപിനോടുള്ള വൈകാര്യത്തെ തുടര്‍ന്നാണ് ഇത് ചെയ്തതെന്ന് കേസ് വഴിതിരച്ച് വിടുന്നതിനായി ആരോപണം നടത്തിയിരുന്നു. അതിന്റെ നിജസ്ഥിതി പുറത്ത് വരണമെങ്കിലും ഫോണ്‍ പരിശോധിക്കേണ്ടതുണ്ട്,' എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

അതേസമയം മൊബൈല്‍ ഫോണ്‍ സ്വന്തംനിലയില്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന് ദിലീപിനോട് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. ഹൈദരാബാദിലെ സ്വകാര്യ ലാബിലേക്ക് ഫോണ്‍ പരിശോധനയ്ക്ക് അയച്ചുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന് ഫോണ്‍ കൈമാറാന്‍ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ വാദം.ഫോണ്‍ ഇന്ന് തന്നെ കൈമാറുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.

അന്വേഷണവുമായി മുന്നോട്ട് പോകണമെങ്കില്‍ ഫോണ്‍ ലഭിക്കണമെന്ന നിലപാട് ഇന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നും സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് കേരളാ പോലീസിന്റെ ഭാഗമാണെന്ന് രാമന്‍പിള്ള വാദിച്ചു. മറ്റ് പ്രതികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നും സമൂഹം എന്ത് കരുതുമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ചോദിച്ചു.

ജസ്റ്റിസ് ഗോപിനാഥ്.പിയാണ് വാദം കേള്‍ക്കുന്നത്. ദിലീപിന് വേണ്ടി രാമന്‍പിള്ളയാണ് ഹാജരായത്. മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. പോകാന്‍ വേറെ ഇടമില്ലെന്നും കോടതി മാത്രമാണെന്നും ദിലീപ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in