
വിദേശത്ത് നിന്ന് കേരളത്തിലെത്തിയ ആള്‍ക്ക് മങ്കി പോക്‌സെന്ന് സംശയം. യു.എ.ഇയില്‍ നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയ ആളെ നിരീക്ഷണത്തിലാക്കി. ഇയാളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
നാല് ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. യു.എ.ഇയില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
ശരീരസ്രവങ്ങളിലൂടെയാണ് കുരങ്ങുപനി പകരുകയെന്നും ആരോഗ്യവകുപ്പ് ജാഗ്രത നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗലക്ഷണങ്ങളുള്ള വ്യക്തിയുടെ സാമ്പിള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചു. പരിശോധനഫലം വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'മങ്കി പോക്‌സ് മറ്റുചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതാണ്. നിലവില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളുള്ളയാളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പനി ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍,' മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് നാട്ടിലെത്തി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. സുരക്ഷിതമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അതുകൊണ്ട് യാത്രക്കിടയില്‍ രോഗം പകരാനുള്ള സാധ്യത കുറവാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ജാഗ്രത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മരണനിരക്ക് വളരെ കുറവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.