വിദ്വേഷ പ്രസംഗം; പി.സി. ജോര്‍ജ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍

വിദ്വേഷ പ്രസംഗം;  പി.സി. ജോര്‍ജ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജ് ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി.സി. ജോര്‍ജ് പാലാരിവട്ടം പൊലീസില്‍ ഹാജരായിരുന്നു.

ഫോര്‍ട്ട് പൊലീസ് പാലാരിവട്ടം പൊലീസിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പി.സി. ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

നിയമം പാലിക്കുന്നുവെന്നാണ് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകുന്നതിനിടെ പി.സി. ജോര്‍ജ് അറിയിച്ചത്.

അതേസമയം പി.സി. ജോര്‍ജിന് ഐക്യദാര്‍ഢ്യം അറിയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാലാരിവട്ടം പൊലീസ് സ്റ്റേഷനുമുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിക്കുകയും ചെയ്തു.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിലെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ജോര്‍ജ് കീഴടങ്ങാന്‍ തയ്യാറായത്. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റദ്ദാക്കിയത്.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നേരത്തെ ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ജോര്‍ജിന് അന്നുതന്നെ ജാമ്യം അനുവദിച്ചിരുന്നു.

പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായുള്ള സി.ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പി.സി. ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സി.ഡിയില്‍ ഉണ്ടായിരുന്നത്.

37 മിനുട്ടുള്ള പ്രസംഗമാണ് കോടതി കേട്ടത്. ഇത് ചൂണ്ടിക്കാണിച്ചാണ് പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in