‘എങ്ങനെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ തുടക്കം മുതല്‍ ലൈവ് ചെയ്തത്?’, രോഗവ്യാപനം ലക്ഷ്യമാക്കി ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ഐസക്ക്

‘എങ്ങനെയാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ തുടക്കം മുതല്‍ ലൈവ് ചെയ്തത്?’, രോഗവ്യാപനം ലക്ഷ്യമാക്കി ഗൂഢാലോചനയെന്ന് മന്ത്രി തോമസ് ഐസക്ക്

കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധം സംഘടിപ്പിച്ചത് ഗൂഢാലോചനയെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രിക്ക് പിന്നാലെ ധനമന്ത്രി തോമസ് ഐസക്കും ഇതേ വാദം ആവര്‍ത്തിക്കുകയാണ്. പായിപ്പാട് ഗ്രാമത്തില്‍ 3500ഓളം അതിഥിത്തൊഴിലാളികളുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പണിക്കു പോകുന്നവരാണ്. 168 വീടുകളിലായിട്ടാണ് ഇവരുടെ താമസം. കളക്ടര്‍ തന്നെ പല വീടുകളും സന്ദര്‍ശിക്കുകയും വീട്ടുടമസ്ഥരുടെ പ്രതിനിധികളും കുറച്ച് അതിഥിത്തൊഴിലാളികളുമെല്ലാമായി ഒരു യോഗം ചേര്‍ന്നതായും ധനമന്ത്രി. പാചകം ചെയ്ത ഭക്ഷണം വേണ്ട. പാചകത്തിനുള്ള സാമഗ്രികള്‍ കൊടുത്താല്‍ മതിയെന്നു തീരുമാനമായി. അത് കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ഒരു തൊഴിലാളിയേയും വാടക കുടിശികയുടെ പേരിലോ മറ്റോ പുറത്താക്കരുതെന്ന കാര്യത്തിലും ധാരണയായി. ഇതിന് പിന്നാലെ പ്രതിഷേധം ഉടലെടുത്തത് ആസൂത്രിതമെന്നാണ് ധനമന്ത്രിയുടെ വാദം.

ആരാണ് വാട്‌സ്ആപ്പ് മെസേജുകള്‍ പ്രചരിപ്പിച്ചത്? എങ്ങനെയാണ് ഒരു ചാനലിന്റെ മാത്രം ആള്‍ക്കാര്‍ രാവിലെ പായിപ്പാട് എത്തിയത്? എങ്ങനെയാണ് പായിപ്പാടിനു പുറത്തും പത്തനംതിട്ടയിലും താമസിക്കുന്നവര്‍ ഇവിടെ പ്രകടനത്തിനു വന്നത്? എങ്ങനെയാണ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ തുടക്കം മുതല്‍ തന്നെ സംഭവങ്ങള്‍ ലൈവ് ചെയ്യാന്‍ തുടങ്ങിയത്? എന്നീ ചോദ്യങ്ങളും ധനമന്ത്രി ചോദിക്കുന്നു

ധനമന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പ്

ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ദീനതയാര്‍ന്ന പാലായനത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇന്നലെ ഞാന്‍ എഴുതി: ''നമ്മുടെ കേരളം വേറിട്ടൊന്നാകണം. അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണവും ചികിത്സയും സുരക്ഷിത താവളവും ഒരുക്കേണ്ട ചുമതലയെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ കാര്യം തൊട്ട് തെരുവു മൃഗങ്ങളുടെ കാര്യത്തില്‍ വരെ മനുഷ്യസാധ്യമായ പരമാവധി കരുതല്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കാണിച്ച മാതൃക വായിച്ചപ്പോള്‍ അഭിമാനമാണ് തോന്നിയത്.'' ഈ സഹകരണ സംഘം സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

ഇത്രയേറെ കരുതലുണ്ടായിട്ടും എന്തുകൊണ്ട് പായിപ്പാട് നടന്നതുപോലുള്ള ഒരു പ്രതിഷേധമുണ്ടായി? എന്തേ മിണ്ടാട്ടമില്ലെന്നു ചോദിച്ച് സംഘി വെട്ടുകിളിക്കൂട്ടങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഈ ആപത്ഘട്ടത്തില്‍ നമ്മുടെ നാട്ടിലുള്ള ഓരോ അതിഥി തൊഴിലാളിയുടെയും മനസ്സിലുള്ള വിങ്ങല്‍ വീടിനെക്കുറിച്ചാണ്. പണിയില്ലാതെ ഇവിടെ കഴിയുന്നതിനേക്കാളും എന്തുകൊണ്ടും സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതാണല്ലോ. അതുകൊണ്ട് ഇങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. പക്ഷെ, ഇത് ഉപയോഗപ്പെടുത്തി പൊടുന്നനെയുണ്ടായ ലോക്ക്ഡൗണ്‍ കാലത്ത് കേരളം എടുക്കുന്ന കരുതലിനെ പരിഹസിക്കാനും നിസ്സാരവല്‍ക്കരിക്കാനും ബിജെപി നേതാക്കള്‍ നടത്തുന്ന പരിശ്രമം വിലപ്പോവില്ല.

ലോക്ക്ഡൗണിന്റെ രണ്ടാംദിവസം 1474 ലേബര്‍ ക്യാമ്പുകള്‍ പ്രാദേശിക സര്‍ക്കാര്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ശുചിത്വവും ഭക്ഷ്യസ്ഥിതിയും പരിശോധിച്ചു. 35 പുതിയ ലേബര്‍ ക്യാമ്പുകള്‍ തുടങ്ങി. ഈ പ്രവര്‍ത്തനം തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുകയാണ്. ഇന്ന് ഇപ്പോള്‍ 1213 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവയില്‍ നിന്ന് 91,038 ഊണുകള്‍ നല്‍കി. അതിഥിത്തൊഴിലാളികള്‍ക്ക് സൗജന്യഭക്ഷണം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. പോരായ്മകളുണ്ടാകാം. എല്ലാ സ്ഥലങ്ങളിലും ഒരുപോലെയാകണമെന്നില്ല. പോരായ്മകള്‍ തിരുത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതിനിടയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പലവട്ടം പറയുന്നത് കേട്ടു. പഞ്ചായത്തുകളെ ചുമതലയേല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈകഴുകിയിരിക്കുകയാണ്. ഒരു പണവും പഞ്ചായത്തുകള്‍ക്ക് കൊടുക്കുന്നില്ല. കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടേതുപോലെയല്ല. ഇവ ഓരോന്നിന്റെയും ശരാശരി ബജറ്റ് എല്ലായിനങ്ങളുംകൂടിചേരുമ്പോള്‍ 3-5 കോടി രൂപയാണ്. ഇതില്‍ ചെറിയൊരു ഭാഗം കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ്. ബാക്കിയെല്ലാം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാനാണ് ഈ പണം. കേരളത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പിന്നെ, ഓരോ ഊണിനും 10 രൂപ സബ്‌സിഡിയുണ്ട്. സഹായവിലയ്ക്ക് സര്‍ക്കാര്‍ അരി നല്‍കുന്നതാണ്. സ്ഥിരനിക്ഷേപത്തില്‍ ഒരു പങ്ക് കുടുംബശ്രീയുടേതാണ്. ശരിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് കൊടുത്തു തീര്‍ക്കാനുള്ളത് എല്ലാം കൊടുത്തു തീര്‍ത്തിട്ടില്ല. വെട്ടിക്കുറച്ച വായ്പ പോട്ടെ. കേന്ദ്ര നികുതി വിഹിതം പോട്ടെ. നിയമാനുസൃതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 3000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം തന്നാല്‍ ഒരു പരാതിയുമില്ലാതെ ഈ പ്രശ്‌നം പരിഹരിക്കാനാകും.

എന്താണ് പായിപ്പാട് ഉണ്ടായത്? പായിപ്പാട് ഗ്രാമത്തില്‍ 3500ഓളം അതിഥിത്തൊഴിലാളികളുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പണിക്കു പോകുന്നവരാണ്. 168 വീടുകളിലായിട്ടാണ് ഇവരുടെ താമസം. ഓരോ വീടുകളിലും ഏതാണ്ട് 20 പേര്‍ വച്ച്. ഇത്രയധികം ആളുകള്‍ ഒരു വീട്ടില്‍ താമസിക്കാന്‍ പാടുണ്ടോയെന്നകാര്യം ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. വീട്ടുടമസ്ഥന് ഓരോരുത്തരം വാടക കൊടുക്കണം. പണി ഇല്ലാതായതോടെ പല രീതികളിലുള്ള അസ്വസ്ഥതകള്‍ ഉടലെടുത്തു. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. കളക്ടറും തഹസില്‍ദാരും അടക്കമുള്ള ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം പായിപ്പാട് പഞ്ചായത്തില്‍ പോയിരുന്നു. കളക്ടര്‍ തന്നെ പല വീടുകളും സന്ദര്‍ശിച്ചു. വീട്ടുടമസ്ഥരുടെ പ്രതിനിധികളും കുറച്ച് അഥിതിത്തൊഴിലാളികളുമെല്ലാമായി ഒരു യോഗം ചേര്‍ന്നു. പാചകം ചെയ്ത ഭക്ഷണം വേണ്ട. പാചകത്തിനുള്ള സാമഗ്രികള്‍ കൊടുത്താല്‍ മതിയെന്നു തീരുമാനമായി. അത് ഇന്നു മുതല്‍ കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ഒരു തൊഴിലാളിയേയും വാടക കുടിശികയുടെ പേരിലോ മറ്റോ പുറത്താക്കരുതെന്ന കാര്യത്തിലും ധാരണയായി. അങ്ങനെയാണ് ഇന്നലെ പിരിഞ്ഞത്.

പിന്നെ, ഇന്ന് എങ്ങനെ ഇതുപോലെ പ്രതിഷേധമുണ്ടായി? ഇത് അന്വേഷിക്കേണ്ട കാര്യമാണ്. ഒട്ടേറെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്നു മാത്രം പറയട്ടെ. ആരാണ് വാട്‌സ്ആപ്പ് മെസേജുകള്‍ പ്രചരിപ്പിച്ചത്? എങ്ങനെയാണ് ഒരു ചാനലിന്റെ മാത്രം ആള്‍ക്കാര്‍ രാവിലെ പായിപ്പാട് എത്തിയത്? എങ്ങനെയാണ് പായിപ്പാടിനു പുറത്തും പത്തനംതിട്ടയിലും താമസിക്കുന്നവര്‍ ഇവിടെ പ്രകടനത്തിനു വന്നത്? എങ്ങനെയാണ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ തുടക്കം മുതല്‍ തന്നെ സംഭവങ്ങള്‍ ലൈവ് ചെയ്യാന്‍ തുടങ്ങിയത്?

ഇതോടുബന്ധപ്പെട്ട് തിരുവനന്തപുരത്ത് സന്നദ്ധപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന ടിസി രാജേഷ് എന്ന മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് പ്രസക്തമാണെന്ന് എനിക്ക് തോന്നി. 'കേരളത്തിലെ അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകാന്‍ മമതാ ബാനര്‍ജി പ്രത്യേകം ട്രെയിന്‍ വിട്ടിട്ടുണ്ടെന്നും ഇന്ന് കൊച്ചിയില്‍ നിന്ന് പ്രസ്തുത ട്രെയിന്‍ പുറപ്പെടുമെന്നും ഇന്നലെ തിരുവനന്തപുരത്തെ ചില ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ ചെന്നു ചിലര്‍ പറഞ്ഞിരുന്നു. കൊച്ചിയിലേക്കു പോകാന്‍ വാഹനം അന്വേഷിച്ച അവരെ കാര്യമറിഞ്ഞ കരാറുകാര്‍ വിവരങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. അതിനുശേഷം ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയുടെ കേരളഘടകം ഭാരവാഹികളാണെന്നു പറഞ്ഞ് ചിലരെത്തി അവര്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്തിരുന്നതായും പറയുന്നു. ഇതു രണ്ടും ഒരേ കൂട്ടരാണോ എന്നറിയില്ല. ഇവരുടെ തൊഴിലുടമ ഇക്കാര്യങ്ങള്‍ പറഞ്ഞ് ഇന്നലെ വൈകിട്ട് എനിക്ക് വാട്സാപ്പ് ചെയ്തിരുന്നു. പക്ഷേ, പായിപ്പാട്ടെ ഇന്നത്തെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ആ സന്ദേശത്തിന് വേണ്ടത്ര ഗൗരവം ഞങ്ങളാരും നല്‍കാതെ പോയോ എന്നൊരു സംശയം. തൊഴിലുടമയും ഇതേ ആശങ്ക ഇപ്പോള്‍ എന്നോട് പങ്കുവച്ചതേയുള്ളു''.

മമതാബാനര്‍ജിയുടെയും ലാലു പ്രസാദ് യാദവിന്റെയും പേരു പറഞ്ഞ് അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ആരെന്ന് പോലീസ് കണ്ടെത്തുക തന്നെ ചെയ്യും. അവര്‍ തന്നെയാണോ പായിപ്പാട്ടെ നാടകം സംവിധാനം ചെയ്തത് എന്നും കണ്ടെത്തണം? അവര്‍ ആരായാലും അതിഥി സംസ്ഥാനത്തൊഴിലാളികളെക്കൊണ്ടൊരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമല്ല മനസില്‍ കരുതിയത്. രോഗത്തിന്റെ വ്യാപനവും കൂട്ടമരണവും കൂടി അവരുടെ ലക്ഷ്യമാകണം.

മാധ്യമങ്ങളും ഉത്തരവാദിത്വബോധത്തോടെ പെരുമാറേണ്ട സന്ദര്‍ഭമാണിത്. ന്യൂസ് 24 എടുത്ത സംയമനവും അതിന് അരുണ്‍ കുമാര്‍ നല്‍കിയ വിശദീകരണവും അഭിനന്ദീയമാണ്.

അതിഥി സംസ്ഥാനത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കാതെ നിര്‍വ്വാഹമില്ല. എല്ലാ ആരോഗ്യസുരക്ഷാ നിര്‍ദ്ദേശങ്ങളെയും അവഗണിച്ചാണ് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് അവരെ തെരുവിലിറക്കിയത്. അവരോടു മാത്രമല്ല, മുഴുവന്‍ കേരളീയരോടുമുള്ള വെല്ലുവിളിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in