തോക്കുള്‍പ്പെടെ ആയുധപ്രദര്‍ശനവുമായി ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, കലാപാഹ്വാനത്തില്‍ പൊലീസ് നടപടി വേണമെന്നാവശ്യം

തോക്കുള്‍പ്പെടെ ആയുധപ്രദര്‍ശനവുമായി ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, കലാപാഹ്വാനത്തില്‍ പൊലീസ് നടപടി വേണമെന്നാവശ്യം

തോക്കുകളും വാളുകളും ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് ആയുധം താഴെ വയ്ക്കാന്‍ സമയമായില്ലെന്ന ആഹ്വാനവുമായി ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ്. പ്രതീഷ് വിശ്വനാഥിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാത്തതില്‍ പൊലീസിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വിശ്വഹിന്ദുപരിഷത്തില്‍ നിന്ന് പുറത്തായ ശേഷം പ്രവീണ്‍ തൊഗാഡിയ രൂപം നല്‍കിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ പ്രതിനിധിയായിരുന്നു പ്രതീഷ് വിശ്വനാഥ്. ശബരിമല സംഘര്‍ഷത്തിലും പ്രതീഷ് വിശ്വനാഥിനെതിരെ കേസുണ്ടായിരുന്നു. സംഘപരിവാര്‍-ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതീഷ് വിശ്വനാഥ് ഹിന്ദുസേവാകേന്ദ്രം എന്ന സംഘടനയുടെ ഭാഗമാണിപ്പോള്‍.

ആയുധപൂജയുടെ ഭാഗമായി തോക്കുകളും വടിവാളും പൂജക്ക് സമര്‍പ്പിക്കുന്നുവെന്ന രീതിയിലാണ് പ്രതീഷ് വിശ്വനാഥിന്റെ ആഹ്വാനം. ''ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല... ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്... മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്...'' എന്നും പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തോക്കുകളും റിവോള്‍വറുകളും കൂടാതെ വടിവാളും വാളുകളും ഫോട്ടോയില്‍ കാണാം. ബിജെപി-എസ്.എന്‍.ഡി.പി സഖ്യത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കായി വെള്ളാപ്പള്ളി നടേശനൊപ്പം നരേന്ദ്രമോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച സംഘത്തില്‍ പ്രതീഷ് വിശ്വനാഥ് ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി-ബിജെപി ബന്ധത്തിന് മധ്യസ്ഥത വഹിച്ചത് അന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവായിരുന്ന പ്രതീഷ് വിശ്വനാഥ് ആയിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടപ്പോള്‍ പ്രതീഷ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതീഷ് വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന് കീഴെയും നിരവധി പേര്‍ കേരളാ പൊലീസിനെ ടാഗ് ചെയ്ത് കമന്റിടുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ആയുധ പൂജ നടത്തുന്ന ചിത്രങ്ങള്‍ പ്രതീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in