സുപ്രീം കോടതി വടിയെടുത്തു; പതിനാല് ഉല്‍പന്നങ്ങളുടെയും വില്‍പന നിര്‍ത്തിയെന്ന് പതഞ്ജലി

സുപ്രീം കോടതി വടിയെടുത്തു; പതിനാല് ഉല്‍പന്നങ്ങളുടെയും വില്‍പന നിര്‍ത്തിയെന്ന് പതഞ്ജലി

തങ്ങളുടെ പതിനാല് ഉല്‍പന്നങ്ങളുടെയും വില്‍പന നിര്‍ത്തിയതായി ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ സുപ്രീം കോടതിയില്‍. ഉല്‍പന്നങ്ങളെല്ലാം സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പരസ്യം പിന്‍വലിക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി അറിയിച്ചു. 5506 ഫ്രാഞ്ചൈസികളാണ് രാജ്യമൊട്ടാകെ പതഞ്ജലിക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പരസ്യങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം പാലിച്ചോ എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശി്ച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ഏപ്രിലില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിയുടെ പതിനാല് ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കിയിരുന്നു. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും.

കോവിഡ് വാക്‌സിനേഷന്‍ പരിപാടിക്കും ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്തിയതിനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. നിര്‍മിക്കാനുള്ള ലൈസന്‍സ് റദ്ദാക്കപ്പെട്ട ഉല്‍പന്നങ്ങള്‍ ഒരു കാരണവശാലും വില്‍ക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഇല്ലെങ്കില്‍ നോട്ടീസ് നല്‍കേണ്ടി വരും. ലൈസന്‍സ് നഷ്ടപ്പെട്ട നിമിഷം മുതല്‍ ആ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. അവ എടുത്തു മാറ്റണം, ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി. പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെയും ദിവ്യാ ഫാര്‍മസിയുടെയും 14 ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കിയതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബ രാംദേവും കൂട്ടാളി ബാലകൃഷ്ണയും കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. മെയ് 14ന് വാദം അവസാനിപ്പിച്ച കേസ് വിധി പറയുന്നതിനായി മാറ്റിയിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ച പരസ്യങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ ചാനലുകളില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി അവയെ തടയുന്നതിനായി എന്തു നടപടി സ്വീകരിച്ചുവെന്നും പതഞ്ജലിയോട് ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in