പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു; പെരിയാറിന്റെ തീരത്ത് അതീവജാഗ്രത

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു; പെരിയാറിന്റെ തീരത്ത് അതീവജാഗ്രത

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പമ്പ, ഇടമലയാര്‍ ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ വീതം തുറന്നു. പമ്പാ അണക്കെട്ടിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് ഒഴുക്കിക്കളയുന്നത്.

പമ്പാ നദിയില്‍ 10 സെന്റീമീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. പമ്പാനദിയുടെ കരയിലുള്ള റാന്നി, ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ മേഖലകളിലും നേരിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ആറ് മണിക്ക് തുറന്നുവിട്ട അണക്കെട്ടില്‍ നിന്നുള്ള വെള്ളം, എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കാം.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ രാവിലെ 11ന് തുറക്കും. ചെറുതോണി അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമായും ഉയര്‍ത്തുക. ഇടുക്കിയും ഇടമലയാറും ഒരുമിച്ച് തുറക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ ജലനിരപ്പ് 27.5 മീറ്ററില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാല് മണിയോടെ ആലുവ, കാലടി ഭാഗത്തെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in