മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്നാണ് ആശങ്ക, മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം; നിലപാട് മാറ്റാതെ പാലാ ബിഷപ്പ്

മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്നാണ് ആശങ്ക, മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം; നിലപാട് മാറ്റാതെ പാലാ ബിഷപ്പ്

കപട മതേതരത്വം ഇന്ത്യയെ നശിപ്പിക്കുമെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴികളിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്നതാണ് ആശങ്കയെന്നും ബിഷപ്പ്. 'തുറന്നു പറയുമ്പോള്‍ നിശബ്ദനായിരിക്കരുത്' എന്ന തലക്കെട്ടില്‍ ദീപിക പത്രത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് നിലപാട് മാറ്റമില്ലെന്ന സൂചന നല്‍കുന്ന ബിഷപ്പിന്റെ പരാമര്‍ശം.

തിന്മക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കുന്നതു കൊണ്ട് മാത്രം മതമൈത്രിയോ മനുഷ്യ മൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും ബിഷപ്പ് ലേഖനത്തില്‍ പറയുന്നു.

''സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ത്ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.

തെറ്റുകള്‍ക്കെതിരെ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കുന്നതു കൊണ്ട് മാത്രം മതമൈത്രിയോ മനുഷ്യ മൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്. മത സമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ച് നില്‍ക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആധരിക്കപ്പെടണമെന്നതാണ് ഭാരതത്തിന്റെ മതേതരത്വം...

എതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും ഉണ്ടാകാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും വിതയ്ക്കാന്‍ ആരും കാരണമാകരുത്. തിന്മകള്‍ക്കെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ നമുക്ക് വേണ്ടത് വിവേകവും ജാഗ്രതയുമാണ്.

മതേരതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്‍ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്നുതിന്നുന്ന തിന്മകളെ കുറിച്ച് പറയാന്‍ പാടില്ലത്രേ. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണില്‍ നിന്ന് ഉയരുന്നു,'' ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in