
വെള്ളിയാഴ്ച രാത്രിയും പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് സൈന്യം. പഞ്ചാബിലെ തന്ത്രപ്രധാനമായ വ്യോമസേനാ താവളത്തിലേക്ക് അടക്കം ആക്രമണം ഉണ്ടായി. ഇന്ത്യ ഈ ആക്രമണങ്ങളെ തടഞ്ഞുവെന്നും ഫലപ്രദമായും അതേ തോതിലും തിരിച്ചടിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ സൈന്യം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ആക്രമണങ്ങളില്‍ ഇന്ത്യന്‍ സൈനികത്താവളങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന പാക് പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെ റഫിഖ്വി, മുരിദ്, ചക്ലാല, റഹി യാര്‍ ഖാന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലും സുക്കൂര്‍, ചൂനിയ എന്നിവിടങ്ങളിലെ സൈനികത്താവളങ്ങളിലും പസ്രൂര്‍, സിയാല്‍കോട്ട് ഏവിയേഷന്‍ ബേസ് എന്നിവിടങ്ങളിലെ റഡാര്‍ കേന്ദ്രങ്ങളിലും ഇന്ത്യ തിരിച്ചടിച്ചു.
പാകിസ്ഥാന്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഉടനീളം പ്രകോപനം തുടരുകയാണ്. ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും, യുദ്ധവിമാനങ്ങളും അടക്കം അവര്‍ ഇന്ത്യക്ക് നേരെ ഉപയോഗിക്കുന്നു. വെള്ളിയാഴ്ച രാത്രി മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ആര്‍ട്ടിലറികളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. പഞ്ചാബിലെ വ്യോമസേനാ താവളത്തിന് നേരെ രാത്രി 1.40ഓടെ അതിവേഗ മിസൈലുകളാണ് എത്തിയത്. ഉധംപൂര്‍, ഭുജ്, പഠാന്‍കോട്ട്, ഭട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങള്‍ക്ക് നേരെയും സമാന ആക്രമണങ്ങളുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏതാനും ചില സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 26 ഇടങ്ങളില്‍ പാകിസ്ഥാന്‍ ആകാശമാര്‍ഗ്ഗം കടന്നുകയറാന്‍ ശ്രമിച്ചുവെന്നും കേണല്‍ ഖുറേഷി വ്യക്തമാക്കി.
ബാരാമുള്ള, ശ്രീനഗര്‍, അവന്തിപ്പോര, ജമ്മു, പഠാന്‍കോട്ട്, ഭുജ്, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചത്. ശ്രീനഗര്‍, അവന്തിപ്പോര, ഉധംപൂര്‍ എന്നിവിടങ്ങളില്‍ വ്യോമസേനാ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ ആക്രമണമുണ്ടായി. നിലവിലുള്ള എല്ലാ സമാധാന കരാറുകളുടെയും ലംഘനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. വളരെ കൃത്യവും അളന്നുമുറിച്ചതുമായ തിരിച്ചടി ഇന്ത്യ നല്‍കിയതായി വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ് വിശദീകരിച്ചു. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്ഥാന്‍ വ്യാജവാര്‍ത്താ ക്യാംപെയിന്‍ നടത്തുകയാണെന്നും അവര്‍ ആവര്‍ത്തിച്ചു.
ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് പാക് പ്രചാരണം. സൂറത്ത്, സിര്‍സ എന്നിവിടങ്ങളിലെ എയര്‍ഫീല്‍ഡുകള്‍ തകര്‍ത്തുവെന്നും പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നു. ഇവ നുണയാണെന്നും ഇന്ത്യ വ്യക്തമാക്കി.