ഒപ്പം നിന്ന് സര്‍ക്കാരിന് അള്ള് വെക്കരുത്, വിദേശ പൗരനെ അപമാനിച്ചെന്ന പരാതിയില്‍ മുഹമ്മദ് റിയാസ്

ഒപ്പം നിന്ന് സര്‍ക്കാരിന് അള്ള് വെക്കരുത്, വിദേശ പൗരനെ അപമാനിച്ചെന്ന പരാതിയില്‍ മുഹമ്മദ് റിയാസ്

പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിര്‍ത്തി അവഹേളിച്ചെന്ന പരാതിയില്‍ പൊലീസിനെതിരെ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്നും ബന്ധപ്പെട്ട വകുപ്പ് നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അള്ള് വെക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും റിയാസ് പറഞ്ഞു.

പൊലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവര്‍ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കേണ്ട ഒരു നിലപാടല്ല ഇത്. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. കൊവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടണം. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം എന്നും റിയാസ് പറഞ്ഞു.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാല് വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വേദശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കോവളം പൊലീസ് തടഞ്ഞു നിര്‍ത്തി അക്ഷേപിച്ചുവെന്ന പരാതി ഉയര്‍ന്നത്. പരിശോധനയ്ക്കിടെ തന്റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിയാന്‍ പൊലീസ് ആവശ്യപ്പെടുന്നതിന്റെയും നിര്‍ദേശ പ്രകാരം വിദേശി മദ്യം ഒഴിച്ചു കളയുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നാണ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് മൂന്ന് കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്ക് പോകുമ്പോള്‍ വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പൊലീസ് സ്‌കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തുകയായിരുന്നു.

ബാഗില്‍ മദ്യമുണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മദ്യക്കുപ്പി കാണിച്ചു. ബില്ല് കൈവശമില്ലാത്തതിനാല്‍ കാണിക്കാന്‍ സാധിച്ചില്ല.

പിന്നീട് ബില്ല് പൊലീസിന് ചെന്ന് കാണിച്ച് നല്‍കിയെന്നും അത് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും വിദേശ പൗരന്‍ പറഞ്ഞു.

The Cue
www.thecue.in