പൊലീസ് സ്റ്റേഷനിലേക്ക് പേടിയില്ലാതെ ചെല്ലാനാവണം, ലിംഗനീതി പരിശീലനം നല്‍കണം; മുഖ്യമന്ത്രിയോട് പി. സതീദേവി

പൊലീസ് സ്റ്റേഷനിലേക്ക് പേടിയില്ലാതെ ചെല്ലാനാവണം, ലിംഗനീതി പരിശീലനം നല്‍കണം; മുഖ്യമന്ത്രിയോട് പി. സതീദേവി

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ക്ക് പേടിയില്ലാതെ കയറി ചെല്ലാനാവണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ലിംഗ നീതി സംബന്ധിച്ച പരിശീലനം പൊലീസുകാര്‍ക്ക് കൊടുക്കണമെന്ന നിര്‍ദേശം കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

സ്ത്രീവിരുദ്ധ സമീപനം പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് എല്ലാവരും ജീവിക്കുന്നത്. ഇത് പൊലീസ് സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ലിംഗനീതി സംബന്ധിച്ച പരിശീലനം പൊലീസുകാര്‍ക്ക് കൊടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സതീദേവി വ്യക്തമാക്കിയത്.

മൊഫിയയുടെ കേസില്‍ ആരോപണ വിധേയനായ സി.ഐക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവില്‍ മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ കേസെടുത്തിട്ടില്ല. എല്ലാം പരിശോധിച്ച് വരികയാണെന്നും സതീദേവി പറഞ്ഞു.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സതീദേവി പറഞ്ഞു. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ശിശുക്ഷേമ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെയും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധ്യക്ഷ പറഞ്ഞു.

The Cue
www.thecue.in