സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയിട്ടില്ല; തിരിച്ചടിയായത് സഹതാപഘടകവും ഇടത് വിരുദ്ധ വോട്ടുകള്‍ ഒന്നിച്ചതും; പി.രാജീവ്

സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയിട്ടില്ല; തിരിച്ചടിയായത് സഹതാപഘടകവും ഇടത് വിരുദ്ധ വോട്ടുകള്‍ ഒന്നിച്ചതും; പി.രാജീവ്

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയില്ലെന്ന് മന്ത്രി പി. രാജീവ്. മണ്ഡലത്തില്‍ അവതരിപ്പിച്ചത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ്. തൃക്കാക്കര വലതുപക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ്.

യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് വന്ന മണ്ഡലത്തില്‍ സാധ്യമായ രീതിയില്‍ മുന്നേറാന്‍ ഇടത് മുന്നണി ശ്രമിച്ചിട്ടുണ്ട്. ഇടത് വിരുദ്ധ മുന്നണികള്‍ ഏകീകരിച്ചതും പി.ടി തോമസ് സഹതാപഘടകവും പ്രവര്‍ത്തിച്ച് തിരിച്ചടിയായെന്ന് രാജീവ്. തൃക്കാക്കരയില്‍ ഇടത് മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടിയുണ്ടെന്നും മന്ത്രി.

25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ ഉമ തോമസിന്റെ വിജയം. ഉമ തോമസ് 72,770 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ വിജയം 14,329 വോട്ടുകള്‍ക്കായിരുന്നു. യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇക്കുറി നേടി.

മുഖ്യമന്ത്രിയടക്കം ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ റൗണ്ടുകളില്‍ തന്നെ വലിയ ലീഡ് യുഡിഎഫ് നിലനിര്‍ത്തി. ആദ്യ റൗണ്ടുകളില്‍ പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ലീഡ് നേടാന്‍ ഉമ തോമസിന് കഴിഞ്ഞു. ഇത് യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം ഇരട്ടിയാക്കി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെയാണ് ഉമ തോമസിന്റെ വിജയം.

Related Stories

No stories found.
logo
The Cue
www.thecue.in