കോടഞ്ചേരിയിലേത് ലവ് ജിഹാദ് അല്ല, പ്രണയ വിവാഹം; ജോര്‍ജ് എം തോമസിന്റേത് നാക്കുപിഴയെന്ന് പി മോഹനന്‍

കോടഞ്ചേരിയിലേത് ലവ് ജിഹാദ് അല്ല, പ്രണയ വിവാഹം; ജോര്‍ജ് എം തോമസിന്റേത് നാക്കുപിഴയെന്ന് പി മോഹനന്‍

കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്‍ ഇതരമതത്തില്‍ നിന്ന് വിവാഹം ചെയ്തതിനെ ലവ് ജിഹാദ് ആയികാണാന്‍ ആകില്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. വിഷയത്തില്‍ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പിശക് പറ്റിയതാണ്. ജോര്‍ജ് എം തോമസ് ഇക്കാര്യം പാര്‍ട്ടിയോട് സമ്മതിച്ചതായും പി. മോഹനന്‍ പറഞ്ഞു.

കോടഞ്ചേരിയില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ വിവാഹിതരായ സംഭവത്തില്‍ യാതൊരു അസ്വാഭാവികതയും പാര്‍ട്ടി കാണുന്നില്ല. രാജ്യത്തെ നിലവിലെ നിയമപ്രകാരം പ്രായപൂര്‍ത്തിയാതവര്‍ക്ക് ഇഷ്ടപ്രകാരം വിവാഹിതരകാനും ഒന്നിച്ചു ജീവിക്കാനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അത് വ്യക്തിപരമായ കാര്യം മാത്രമാണ് അത് പാര്‍ട്ടിയെയോ മറ്റോ ബാധിക്കുന്നില്ലെന്നും മോഹനന്‍ പറഞ്ഞു.

അതേസമയം ഷെജിന്‍ ഒളിച്ചോടിയത് ശരിയായില്ലെന്നും മോഹനന്‍ പറഞ്ഞു. വീട്ടകാരുമായി ആലോചിച്ച് വേണ്ടപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്തി വിവാഹം കഴിക്കണമായിരുന്നു. അതല്ലെങ്കില്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെകൂടി ബോധ്യപ്പെടുത്തി നല്ല നിലയില്‍ കല്യാണം നടത്തുന്നതിന് പാര്‍ട്ടി മുന്‍കൈ എടുക്കുമായിരുന്നു.

ലവ് ജിഹാദ് എന്നൊക്കെ പറയുന്നത് ആര്‍.എസ്.എസും സംഘപരിവാറും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആക്ഷേപിക്കാനും ആക്രമിക്കാനും ബോധപൂര്‍വ്വം എഴുന്നള്ളിച്ചുകൊണ്ടുവരുന്ന പ്രയോഗങ്ങളാണ്. കോടഞ്ചേരിയിലെ പ്രണയ വിവാഹത്തില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ജോര്‍ജ് എം തോമസിന്റെ പ്രസ്താവന പാര്‍ട്ടിയുടെ പൊതു നിലപാടിന് വിരുദ്ധമാണ്. അത് അദ്ദേഹത്തിന്റെ നാക്കുപിഴയായി കണക്കാക്കിയാല്‍ മതിയെന്നും പി. മോഹനന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in