എ.ആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്; കള്ളപ്പണമല്ലെന്ന് കുഞ്ഞാലിക്കുട്ടി

എ.ആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്; കള്ളപ്പണമല്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: എ.ആര്‍ നഗര്‍ സഹകരണബാങ്കില്‍ നിന്ന് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പിടിച്ചെടുത്തതില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും.

മെയ് മാസം 25ന് ആദായനികുതി വകുപ്പിന്റെ കോഴിക്കോട് അന്വേഷണ വിഭാഗം, എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാങ്കിന് നല്‍കിയ ഉത്തരവ് പ്രകാരം 53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതുമാണ് വിലക്കിയത്.

ഈ നിക്ഷേപങ്ങള്‍ ആദായ നികുതിവകുപ്പ് കണ്ടുകെട്ടുകയും ചെയ്തു. ഇതിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

മൂന്നരക്കോടി രൂപയുടെ സ്ഥിര നിക്ഷേപവും അതിന്റെ പലിശയിനത്തിലുള്ള ഒന്നരക്കോടിയും കണ്ടുകെട്ടിയെന്നാണ് സൂചനകള്‍.

മകന്റെ പേരിലുള്ള എസ്ബിഐ അക്കൗണ്ടില്‍ നിന്ന് മാറ്റിയാണ് തുക നിക്ഷേപിച്ചത്. കള്ളപ്പണമല്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. അതേസമയം ഹാഷിഖ് മതിയായ രേഖകളൊന്നും ഹാജരാക്കാത്തതിനാലാണ് നിക്ഷേപം കണ്ടുകെട്ടിയതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.

2021 മാര്‍ച്ചിലാണ് വേങ്ങരക്കടുത്തുള്ള എ.ആര്‍ നഗര്‍ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in