സഖാവ് പിണറായി ടീം ലീഡര്‍, പാര്‍ട്ടി ഒതുക്കിയിട്ടില്ല; മുതലെടുപ്പ് വേണ്ടെന്ന് പി.ജയരാജന്‍

സഖാവ് പിണറായി ടീം ലീഡര്‍, പാര്‍ട്ടി ഒതുക്കിയിട്ടില്ല; മുതലെടുപ്പ് വേണ്ടെന്ന് പി.ജയരാജന്‍

പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമാക്കിയത് വലതുപക്ഷ മാധ്യമങ്ങളെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് സ:പിണറായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്‍കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണെന്നും പി.ജയരാജന്‍ ഫേസ്ബുക്കില്‍.

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്.

എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്‍കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.

സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ ആദരവും സ്‌നേഹവായ്പും പ്രകടിപ്പിക്കും.ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാര്‍ട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ ജനങ്ങളില്‍ അതൃപ്തി ഉണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു കണ്ടു.കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടികയില്‍ തനിക്കുള്ള നൈരാശ്യം സുധാകരന്‍ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കണ്ടതില്ല.

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും.

വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല.

ഇന്നലെ പി.ജയരാജന്‍ പറഞ്ഞത്

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.
ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in