മൈക്കിളപ്പന്‍റെ 'ചാമ്പിക്കോ' ട്രെന്‍റില്‍ ഫോട്ടോയെടുത്ത് പി. ജയരാജനും സംഘവും; വീഡിയോ

മൈക്കിളപ്പന്‍റെ 'ചാമ്പിക്കോ' ട്രെന്‍റില്‍ ഫോട്ടോയെടുത്ത് പി. ജയരാജനും സംഘവും; വീഡിയോ

മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലെ 'ചാമ്പിക്കോ' ട്രെൻഡിന്റെ ഭാ​ഗമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. ജയരാജന്റെ മകൻ ജെയിന്‍ രാജാണ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി. ജയരാജന്‍ ‘മൈക്കിളപ്പ’നായി വീഡിയോയില്‍ എത്തുന്നത്.

മമ്മൂട്ടി മൈക്കിള്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കുടുംബത്തിനൊപ്പം നിന്ന് ചിത്രമെടുക്കുന്ന രം​ഗവും 'ചാമ്പിക്കോ' എന്ന മമ്മൂട്ടിയുടെ ഡയലോ​ഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങാണ്. സിനിമാ രം​ഗത്തുള്ളവരടക്കം നിരവധി പേർ ഈ ട്രെൻഡിന്റെ ഭാ​ഗമാവുകയും സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. കേരളത്തിന് പുറത്തും ഈ ഡയലോ​ഗ് ട്രെൻഡായി മാറി.

അടുത്തിടെ റിലീസായതില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വ്വം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച സിനിമ എന്ന നിലയില്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഭീഷ്മപര്‍വ്വം ശ്രദ്ധ നേടിയിരുന്നു.

തിയേറ്ററുകളിൽ നിന്ന് കോടികൾ വാരിയതിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസ്നി ഹോട്സ്റ്റാറിലാണ് ബീഷ്മപര്‍വ്വം സ്ട്രീം ചെയ്യുക.