വിമാനത്തില്‍ നടത്തിയത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസം; ആകാശത്ത് ഭീകര പ്രവര്‍ത്തനം നടത്താന്‍ ശ്രമമെന്ന് പി. ജയരാജന്‍

വിമാനത്തില്‍ നടത്തിയത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസം; ആകാശത്ത് ഭീകര പ്രവര്‍ത്തനം നടത്താന്‍ ശ്രമമെന്ന് പി. ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് പി. ജയരാജന്‍. സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.

സുധാകരന്‍ ആകാശത്ത് ഭീകര പ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷം സംഘര്‍ഷവും കലാപവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു.

വിമാനത്തില്‍ സുരക്ഷാ ഭടന്റെ കയ്യില്‍ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയതെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനകത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളെയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അവരുടെ കയ്യില്‍ മാരകായുധങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്. കോണ്‍ഗ്രസ് ഇനിയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in