ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന പോലത്തെ പ്രചാരണങ്ങൾ; മുഹമ്മദ് റിയാസ്

ജീവനുള്ള മനുഷ്യന്റെ  പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന പോലത്തെ പ്രചാരണങ്ങൾ; മുഹമ്മദ് റിയാസ്

വ്യക്തിപരമായും കുടുംബത്തിനും നേരെയുമുണ്ടായ അപവാദ പ്രചാരണങ്ങളെക്കുറിച്ച് പ്രതികരിച്ച് നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്. ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന തരത്തിലാണ് തനിക്ക് നേരെ പ്രചാരണമുണ്ടായത്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ ആക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയും ആരോപണങ്ങളെ നേരിടാൻ വീണയ്ക്ക് അറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

മുഹമ്മദ് റിയാസിന്റെ വാക്കുകൾ

എന്തൊക്കെ പ്രചരണങ്ങൾ ആയിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ എനിക്ക് നേരെ ഉണ്ടായത്. ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോൾ വേദനിക്കുന്ന തരത്തിലാണ് എനിക്ക് നേരെ പ്രചാരണമുണ്ടായത്. നമ്മളൊക്കെ എങ്ങനെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചതെന്നും എന്താണ് രാഷ്ട്രീയ ചരിത്രമെന്നെല്ലാം ജനങ്ങൾക്കറിയാം. എല്ലാ ആരോപണങ്ങൾക്കും മെയ് രണ്ടിന് ജനം മറുപടി പറയട്ടെ എന്നാണ് ഞാൻ കരുതിയത്.

വിവാഹത്തിന് ശേഷവും ഞാൻ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. വ്യക്തിപരമായി ഭരണതലത്തിൽ ഞാൻ ഇടപെട്ടിരുന്നുവെങ്കിൽ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങൾക്കറിയാം. എന്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാൻ നയിച്ചു വന്നത്. 

വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങൾ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ ആക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. അവർക്കെതിരെ അനാവശ്യങ്ങൾ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്. വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയും ആരോപണങ്ങളെ നേരിടാൻ വീണയ്ക്ക് അറിയാം. കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എന്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെന്റെ കൂടെയുണ്ടാവും. അല്ലെങ്കിൽ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തിൽ ആരോപണങ്ങൾ വരെ വന്നു.

Related Stories

No stories found.
logo
The Cue
www.thecue.in