കനത്ത മഴ, ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

കനത്ത മഴ, ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇടുക്കി ഡാം വീണ്ടും തുറന്നേക്കുമെന്നാണ് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചത്. ഡാമില്‍ ഓറഞ്ഞ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2398.38 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്.

ശനിയാഴ്ച 4 മണിക്ക് ശേഷമോ, ഞായറാഴ്ച രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നാണ് അറിയിപ്പ്. ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശത്തുള്ളവരും പെരിയാറിന്റെ തീരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിലും വര്‍ധനവുണ്ട്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്.

The Cue
www.thecue.in