'പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് പാസാക്കിയ നിയമങ്ങള്‍'; ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം

'പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് പാസാക്കിയ നിയമങ്ങള്‍'; ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം
Published on

രാജ്യത്ത് നടപ്പായ പുതിയ ക്രിമിനല്‍ നിയമ സംഹിതകള്‍ക്ക് എതിരെ പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പില്ലാതെ ഈ നിയമങ്ങള്‍ പാസാക്കിയെടുത്തത് 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. എക്‌സ് പോസ്റ്റിലാണ് ഖാര്‍ഗേ ഈ ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ കിട്ടിയ കനത്ത ഷോക്കിന് ശേഷം മോദിജിയും ബിജെപിയും ഭരണഘടനയെ ബഹുമാനിക്കുന്നതായി അഭിനയിക്കുകയാണ്. ഇന്നു മുതല്‍ നടപ്പായിരിക്കുന്ന ക്രിമിനല്‍ നിയമങ്ങള്‍ 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനു ശേഷം ബലമായി പാസാക്കിയെടുക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ രീതികള്‍ക്കു മേല്‍ കടന്നുകയറിക്കൊണ്ടുള്ള ഈ ബുള്‍ഡോസര്‍ നീതി ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും ഖാര്‍ഗേ വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമ വിദഗ്ദ്ധനുമായ പി.ചിദംബരവും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിയമ സംഹിതകളുടെ 90 മുതല്‍ 99 ശതമാനം വരെ പഴയതില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്തതാണെന്ന് ചിദംബരം ആരോപിച്ചു. പഴയതില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് നടപ്പാക്കാവുന്ന മാറ്റങ്ങള്‍ക്കു വേണ്ടിയാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയവയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ചില മാറ്റങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ, അവ ഒരു നിയമ ഭേദഗതിയിലൂടെ നടപ്പാക്കാവുന്നതായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായിരുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ഈ മൂന്ന് നിയമങ്ങളിലും എതിരഭിപ്രായങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവയെ വേണ്ടവിധം പരിഗണിക്കുകയോ മറുപടി പറയുകയോ ചെയ്തിട്ടില്ല. പാര്‍ലമെന്റില്‍ പോലും ഫലപ്രദമായ ചര്‍ച്ച ഇതു സംബന്ധിച്ച് ഉണ്ടായിട്ടില്ലെന്നും ചിദംബരം പറഞ്ഞു.

നിയമ വിദ്യാര്‍ത്ഥികളും ബാര്‍ അസോസിയേഷനുകളും ജഡ്ജുമാരും അഭിഭാഷകരും ലേഖനങ്ങളായും സെമിനാര്‍ ചര്‍ച്ചകളിലൂടെയും ഈ നിയമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്കിലും സര്‍ക്കാരില്‍ നിന്ന് ആരും അവയ്ക്ക് മറുപടി പറയാന്‍ തയ്യാറായിട്ടില്ല. വേണ്ടത്ര ചര്‍ച്ചകളോ സംവാദങ്ങളോ ഇല്ലാതെ നടപ്പാക്കിയ ഈ മൂന്ന് നിയമങ്ങള്‍ നിലവിലുണ്ടായിരുന്നവയെ ബുള്‍ഡോസ് ചെയ്തിരിക്കുകയാണ്. ഇത് നമ്മുടെ ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയെ താറുമാറാക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in