ഡാം തുറന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ഡാം തുറന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്

കേരളത്തില്‍ 2018-ലുണ്ടായ മഹാപ്രളയത്തിന്റെ സമയത്ത് സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുമായിരുന്നെന്നാണ് സര്‍ക്കാര്‍ സി.എ.ജിയെ അറിയിച്ചത്.

ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമര്‍ശിക്കുന്നത്.

2018 ഓഗസ്റ്റ് 15 മുതല്‍ 18 വരെ കനത്തപ്രളയമുണ്ടായ സമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പങ്ക് വലുതായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.

ഒരു മുന്നറിയിപ്പുമില്ലാതെ ഏതുനിമിഷവും തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭദ്രത ഉറപ്പുവരുത്താന്‍, അതില്‍ നിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടല്‍ ഉറപ്പുവരുത്താനുള്ള സജ്ജീകരണം കെ.എസ്.ഇ.ബിക്ക് ചെയ്യേണ്ടി വന്നു. കനത്ത പ്രളയം ദിവസങ്ങളില്‍ മുല്ലപ്പെരിയാറില്‍ നിന്ന് 169.97 എം.സി.എം വെളളം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ ശക്തി കുറയ്ക്കാന്‍ കഴിഞ്ഞേനെയെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

സി.എ.ജി പഠന ജില്ലയായി കണക്കാക്കിയത് ഇടുക്കിയാണ്. ജില്ലയില്‍ അണക്കെട്ടുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടാണ് പഠന ജില്ലയായി ഇടുക്കിയെ തെരഞ്ഞെടുത്തത്. അപകടസാധ്യതയുള്ള ജില്ലകളുടെ സാമ്പിള്‍ എന്ന നിലയില്‍ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തിച്ച് പ്രളയമുണ്ടായിട്ടും ജലനയം പരിഷ്‌കരിക്കാനോ പ്രളയ പ്രതിരോധ വ്യവസ്ഥകള്‍ കൊണ്ടുവരാനോ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഡമില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് ' റൂള്‍കര്‍വ്' അടിസ്ഥാനമാക്കിയാണ്. എന്നാല്‍ പ്രളയകാലത്ത് റിസര്‍വോയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു റൂള്‍കര്‍വും പിന്തുടര്‍ന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചതായും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in