ജഡ്ജിമാരെ ജഡ്ജിമാരല്ല നിയമിക്കുന്നത്, തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം നടത്തരുതെന്ന് എന്‍ വി രമണ

ജഡ്ജിമാരെ ജഡ്ജിമാരല്ല നിയമിക്കുന്നത്, തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശം നടത്തരുതെന്ന് എന്‍ വി രമണ

ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാര്‍ തന്നെയാണെന്ന പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ എന്‍. വി രമണ പറഞ്ഞു.

'ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ നിയമിക്കുന്നത് എന്ന പരാമര്‍ശം അടുത്തകാലത്തായി ഏറെ പ്രചരിപ്പിക്കപ്പെടുന്ന ഒരു കെട്ടുകഥയാണ്. ജഡ്ജിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രക്രിയകളില്‍ ഒന്ന് മാത്രമാണ് ജുഡീഷ്യറി എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷ്യറിക്ക് പുറമെ കേന്ദ്ര നിയമമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍മാര്‍, ഹൈക്കോടതി കൊളീജിയം, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരുടെയെല്ലാം അംഗീകാരത്തിന് ശേഷം ഉന്നതാധികാര സമിതിയുടെയും അനുമതി ലഭിച്ചാണ് ജഡ്ജിമാരെ നിയമിക്കുന്നത്.

ഈ വസ്തുതയെ മറച്ചുവെച്ച് കൊളീജിയത്തിന്റെ മാത്രം തീരുമാനത്തിലാണ് ജഡ്ജി നിയമനം നടക്കുന്നത് എന്ന പ്രചരണത്തില്‍ ഖേദകരമാണെന്നും എന്‍.വി രമണ പറഞ്ഞു.

അടുത്തിടെ സിപിഐഎമ്മിന്റെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്റില്‍ ജഡ്ജിമാരുടെ നിയമനം സുതാര്യമാക്കണം എന്നാവശ്യപ്പെട്ട് ചര്‍ച്ച ഉയര്‍ത്തിയിരുന്നു.

ഹൈക്കോര്‍ട്ട് ആന്‍ഡ് സുപ്രീംകോര്‍ട്ട് ജഡ്ജസ് സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് അമന്‍ഡ്‌മെന്റ് ബില്‍ 2021 രാജ്യസഭയില്‍ ചര്‍ച്ചചെയ്തപ്പോഴാണ് ഇക്കാര്യം ബ്രിട്ടാസ് പറഞ്ഞത്.

ചര്‍ച്ചയില്‍ ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നു എന്നത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in