ഒന്നിച്ച് നടന്നാല്‍ സ്വവര്‍ഗ ലൈംഗികതയാണോ എന്ന് ചോദിക്കും; ഗുരുതര പരാതിയുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍

ഒന്നിച്ച് നടന്നാല്‍ സ്വവര്‍ഗ ലൈംഗികതയാണോ എന്ന് ചോദിക്കും; ഗുരുതര പരാതിയുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍

ചേര്‍ത്തല എസ്.എച്ച്. കോളേജ് ഓഫ് നഴ്‌സിങ്ങിനെതിരെ വിദ്യാര്‍ത്ഥികളുടെ ഗുരുതര പരാതിയെന്ന് നഴ്‌സിങ്ങ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിക്കുന്നു, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളെ കൊണ്ട് നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരിപ്പ് പോലും വൃത്തിയാക്കിപ്പിക്കുന്നു തുടങ്ങിയ പരാതികളാണ് വിദ്യാര്‍ത്ഥികള്‍ നഴ്‌സിങ്ങ് കൗണ്‍സില്‍ പ്രതിനിധികളോട് പങ്കുവെച്ചത്.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നഴ്‌സിങ്ങ് കൗണ്‍സില്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് കൈമാറിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിയായി ലഭിച്ച ഒരു ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ്ങ് കൗണ്‍സില്‍ പ്രതിനിധികള്‍ കോളേജിലെത്തി അന്വേഷണം നടത്തിയത്. 120 ഓളം വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തെന്നാണ് വിവരം.

വൈസ് പ്രിന്‍സിപ്പല്‍ നിരന്തരം മാനസികമായും വൈകാരികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നിരന്തരം പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍. രണ്ട് പെണ്‍കുട്ടികള്‍ ഒരുമിച്ച് നടന്നാല്‍ സ്വവര്‍ഗാനുരാഗികളാണോ എന്ന് ചോദിക്കുന്നുവെന്നുവെന്നും പരാതിയില്‍ പറയുന്നു.

യൂണിഫോം ചുളിഞ്ഞിരുന്നാല്‍ പോലും അതിനെ തെറ്റായി ലൈംഗികമായി വ്യാഖ്യാനിക്കുന്നു. മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കാനോ പുറത്ത് പോകാനോ അനുവദിക്കുന്നില്ല. തുടങ്ങിയ ഗുരുതരമായ പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരിക്കുന്നത്.

നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളെ കൊണ്ട് ആശുപത്രിയിലെ വാര്‍ഡുകളും ശുചിമുറികളും വൃത്തിയാക്കിപ്പിക്കുന്നു എന്നും നഴ്‌സിങ്ങ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബേസിന്‍ കഴുകിക്കുന്നു, തറ തുടപ്പിക്കുന്നു, ഡോക്ടര്‍മാരുടെ ചെരുപ്പുപോലും നിര്‍ബന്ധിച്ച് വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ആരോപണങ്ങള്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു.