തെലങ്കാനയില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തി, മാധ്യമപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു

തെലങ്കാനയില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തി, മാധ്യമപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു

രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തെലങ്കാനയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു. എന്‍.ടി.വി യിലെ മാധ്യമപ്രവര്‍ത്തകനായ സമീര്‍ ആണ് തെലങ്കാനയിലെ ജഗ്തിയാലില്‍ കനത്ത മഴകാരണമുണ്ടായ വെള്ളപ്പൊക്കത്തിലെ ഒഴുക്കില്‍പ്പെട്ടത്.

റായിക്കല്‍ മണ്ടലിലെ ബോര്‍ണപ്പള്ളി ഗ്രാമത്തില്‍ ആയിരുന്നു സംഭവം. ഗോദാവരി നദി റിസര്‍വോയറിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ ജലനിരപ്പുയര്‍ന്ന് ഒമ്പത് കര്‍ഷകത്തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സമീറും കൂടെയുണ്ടായിരുന്ന സയ്ദ് റിയാസ് അലി എന്നയാളും ബോര്‍ണപ്പള്ളി ഗ്രാമത്തില്‍ നിന്നും തിരിച്ച് ജഗ്തിയാലിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. രാമോജിപേട്ടിനും ഭൂപതിപ്പുരിനും ഇടയിയിലെ വെള്ളം നിറഞ്ഞ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുകിപ്പോവുകയായിരുന്നു.

കാര്‍ ഒഴുകി പോകുന്നതുകണ്ട പ്രദേശവാസികള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചു. സയ്ദ് റിയാസ് അലിയെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും സമീര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. സമീറിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. അതേസമയം ഒമ്പത് തൊഴിലാളികളെ എന്‍.ഡി.ആര്‍.എഫ് രക്ഷപ്പെടുത്തി.

കഴിഞ്ഞ രണ്ട് ദിവസമായി ജഗ്തിയാല്‍ ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മന്ത്രിമാരോടും എം.എല്‍.എമാരോടും ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. ഗോദാവരിയിലെ വെള്ളം ഒഴുക്കിവിടാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഹെലികോപ്റ്ററുകളടക്കം എന്‍.ഡി.ആര്‍.എഫിനോടും മറ്റു രക്ഷാസേനകളോടും തയ്യാറായി നില്‍ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in