ആ സങ്കേതത്തില്‍  സുരേഷ് ഗോപി അധികം തുടരില്ല; പൃഥ്വിരാജിന് വേണ്ടി 
വേറെ സൂപ്പര്‍സ്റ്റാറൊന്നും വന്നില്ലെന്ന്‌ എന്‍.എസ് മാധവന്‍

ആ സങ്കേതത്തില്‍ സുരേഷ് ഗോപി അധികം തുടരില്ല; പൃഥ്വിരാജിന് വേണ്ടി വേറെ സൂപ്പര്‍സ്റ്റാറൊന്നും വന്നില്ലെന്ന്‌ എന്‍.എസ് മാധവന്‍

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പൃഥ്വിരാജിനെ പിന്തുണച്ച് മറ്റൊരു സൂപ്പര്‍ സ്റ്റാറും മുന്നോട്ട് വന്നിട്ടില്ലെന്നും, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പൃഥ്വിവിനെ ആക്രമിക്കുമ്പോള്‍ സുരേഷ് ഗോപിയാണ് സംസാരിച്ചതെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

'' രാഷ്ട്രീയത്തിലുപരി എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. രാഷ്ട്രീയമൊഴികെ ബാക്കിയെല്ലാം സുരേഷ് ഗോപിയില്‍ നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം തിളങ്ങി നില്‍ക്കുന്നതാണ്. സുരേഷ് ഗോപിയൊഴികെ ഒരു സൂപ്പര്‍ സ്റ്റാറും പൃഥ്വിരാജിനെ പിന്തുണച്ച് മുന്നോട്ട് വന്നിട്ടില്ല. ബിജെപിക്കാര്‍ തന്നെയാണ് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നതും. സുരേഷ് ഗോപി ആ വിഷലിപ്തമായ സങ്കേതത്തില്‍ കൂടുതല്‍ കാലം തുടരുമെന്ന് എനിക്ക് തോന്നുന്നില്ല,'' എന്‍.എസ് മാധവന്‍ പറഞ്ഞു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ നല്‍കിയ നടന്‍ പൃഥ്വിരാജിനെതിരെ കുടുംബവുമായി ബന്ധപ്പെടുത്തി നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് സുരേഷ് ഗോപി നേരത്തെ മുന്നോട്ട് വന്നിരുന്നു. പൃഥ്വിരാജിന്റെ പേര് പരാമര്‍ശിക്കാതെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു വ്യക്തിയുടെ അഭിപ്രായവുമായി ബന്ധപ്പെട്ട പോസ്റ്റില്‍ അച്ഛന്‍, അമ്മ തുടങ്ങിയ വ്യക്തിബന്ധങ്ങളെ വലിച്ചിഴക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല എന്ന് പറഞ്ഞ സുരേഷ് ഗോപി ഇത് ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ് എന്ന് ഫേസ്ബുക്കിലെഴുതി. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാന്‍. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കില്‍ നമ്മള്‍ പാപികളാകും. അത് ഓര്‍ക്കണം. അഭ്യര്‍ഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിലെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

The Cue
www.thecue.in