'പ്രതിപക്ഷത്തെ പിന്തുണയ്ക്കുക' എന്ന കപട സിദ്ധാന്തം പറയുന്ന കല്‍പ്പറ്റ നാരായണന്‍ ഒരു കാപട്യക്കാരനാണ്: എന്‍.എസ് മാധവന്‍

'പ്രതിപക്ഷത്തെ പിന്തുണയ്ക്കുക' എന്ന കപട സിദ്ധാന്തം പറയുന്ന കല്‍പ്പറ്റ നാരായണന്‍ ഒരു കാപട്യക്കാരനാണ്: എന്‍.എസ് മാധവന്‍

എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന് മറുപടിയുമായി എന്‍.എസ് മാധവന്‍. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എന്‍.എസ് മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും സമീപിച്ച നയം തെറ്റാണെന്ന പരാമര്‍ശത്തിന് മറുപടിയുമായാണ് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്. കല്‍പ്പറ്റ നാരായണന്‍ നുണയാണ് പറയുന്നതെന്നും കാപട്യക്കാരനാണെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

'ഇത് അനാവശ്യമാണ്. കല്‍പ്പറ്റ നാരായണന്‍ ഒരു നുണയനാകുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ ആകെയുള്ള രാഷ്ട്രീയ നിലപാട് അന്നത്തെ ട്വീറ്റ് ആയിരുന്നു. 'പ്രതിപക്ഷത്തെ പിന്തുണയ്ക്കുക' എന്ന കപട സിദ്ധാന്തം പറയുന്ന അദ്ദേഹവും ഒരു കാപട്യക്കാരനാണ്. 'യു.ഡി.എഫ് ഭരണത്തിലും ഞാന്‍ ഇത് ചെയ്തോ' എന്ന് അദ്ദേഹം കണ്ണാടിക്ക് മുന്നില്‍ പോയി നിന്ന് സ്വയം ചോദിക്കേണ്ടതാണ്,' എന്‍.എസ് മാധവന്‍ പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കുറിച്ച ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും എന്‍എസ് മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.

'തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകര സംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ,' എന്ന് ചോദിക്കുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ മാത്രമേ കഴിയൂ എന്നാണ് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞത്.

മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ എന്‍.എസ് മാധവനും ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടി വരും. പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ മാറി നില്‍ക്കുകയോ, നിശ്ശബ്ദരാവുകയോ ചെയ്യണമായിരുന്നു എന്നാണ് കല്‍പ്പറ്റ നാരായണന്റെ പരാമര്‍ശം. കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലും കേരളത്തിലും ഏകാധിപത്യ പ്രവണത വളരുമ്പോള്‍ എഴുത്തുകാരന്‍ പ്രതിപക്ഷത്തുനിന്ന് പ്രതികരണം. കോണ്‍ഗ്രസ് വിയോജിക്കുന്നവര്‍ക്കും ഇടം നല്‍കുന്ന പ്രസ്ഥാനമാണ് എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെ അല്ല എന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in