ട്വിറ്റര്‍ വാങ്ങുന്നില്ല; കരാറില്‍ നിന്ന് പിന്മാറി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ വാങ്ങുന്നില്ല; കരാറില്‍ നിന്ന് പിന്മാറി ഇലോണ്‍ മസ്‌ക്
John Raoux

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചുവെന്ന് ടെസ്‌ല സി.ഇ.ഒ ഇലാണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളുടെ കണക്ക് നല്‍കാന്‍ ട്വിറ്ററിന് കഴിയാത്തതുകൊണ്ടാണ് കരാറില്‍നിന്നും പിന്‍മാറുന്നെതെന്നാണ് വിശദീകരണം.

ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇലോണ്‍ മസ്‌ക് പിന്മാറുന്നത് കരാര്‍ ലംഘനം നടത്തിയതുകൊണ്ടാണെന്ന് മസ്‌ക്കിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്നാണ് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ വ്യക്തമായ കണക്കുകള്‍ മസ്‌ക് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററുമായുള്ള കരാറില്‍ നിന്ന് പിന്‍മാറുന്നതിനായുള്ള തീരുമാനത്തിലെത്തിയത്.

സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് നേരത്തെ തന്നെ മസ്‌ക് അറിയിച്ചിരുന്നു.

4,400 കോടി ഡോളര്‍ വാഗ്ദാനം ചെയ്താണ് ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ കരാറില്‍നിന്ന് പിന്മാറിയാല്‍ ഇലോൺ മസ്‌ക്കിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞു. കരാര്‍ ലംഘിച്ചാല്‍ 100 കോടി ഡോളര്‍ ആയിരിക്കും പിഴയെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളില്‍ ഒന്നായിട്ടായിരുന്നു ഈ കരാറിനെ കണ്ടിരുന്നത്.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നിന്ന് 100 തൊഴിലാകളെ പിരിച്ചുവിട്ടിരുന്നു. എച്ച്.ആര്‍ ടീമില്‍ നിന്ന് 30 ശതമാനം തൊഴിലാളികളെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.ട്വിറ്ററിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തണമെന്നും അതിനായി ചെലവു ചുരുക്കല്‍ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കമ്പനിയിലെ തൊഴിലാളികളുമായി ജൂണില്‍ നടത്തിയ ആദ്യ യോഗത്തില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തേക്കാള്‍ ചെലവ് കൂടിയെന്നും പിരിച്ചുവിടല്‍ സാധ്യതയുണ്ടെന്നും മസ്‌ക് അറിയിച്ചിരുന്നു.

ജോലി നഷ്ടപ്പെടുന്നവര്‍ ഒരു ദശകത്തിലേറെയായി ട്വിറ്ററില്‍ ജോലി ചെയ്യുന്നവരാണ്. തീര്‍ച്ചയായും ഒരു ബുദ്ധിമുട്ടുള്ള ദിവസമാണെന്നും ട്വിറ്ററിലെ സീനിയര്‍ ടെക്നിക്കല്‍ റിക്രൂട്ടര്‍ ഇന്‍ഗ്രിഡ് ജോണ്‍സണ്‍ ലിങ്ക്ഡ് ഇനില്‍ പറഞ്ഞു. കമ്പനിയുടെ പിരിച്ചുവിടല്‍ നടപടികള്‍ ഇന്നലെ തുടങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in