രാജിവെക്കില്ലെന്ന് സജി ചെറിയാന്‍; പ്രതികരണം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം

രാജിവെക്കില്ലെന്ന് സജി ചെറിയാന്‍; പ്രതികരണം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം

ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസ്താവനയില്‍ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് രാജിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന്? എന്താണ് പ്രശ്‌നമെന്നാണ് മന്ത്രി തിരിച്ച് ചോദിച്ചത്. എല്ലാം ഇന്നലെ വിശദീകരിച്ചെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സി.പി.ഐ.എം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

നിയമസഭ ഇന്ന് ചേര്‍ന്നിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ എട്ടാംമിനുറ്റില്‍ സഭ പിരിയുകയായിരുന്നു. വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്ന് കാണിച്ച് സഭാ സമ്മേളനം നിര്‍ത്തിവെച്ച നടപടിയില്‍ പ്രതിപക്ഷം സ്പീക്കറെ കണ്ടിരുന്നു.

പ്രസ്താവന വിവാദമായതിന് പിന്നാലെ സജി ചെറിയാന്‍ ചൊവ്വാഴ്ച നിയമസഭയില്‍ വിശദീകരണം നല്‍കിയിരുന്നു. ഭരണഘടനയോട് കൂറുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് താനെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

സജി ചെറിയാന്‍ ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞത്

മല്ലപ്പള്ളിയില്‍ നടന്ന ഒരു പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന തരത്തില്‍ വരുന്ന ആക്ഷേപം ഞാന്‍ തള്ളിക്കളയുന്നു. അവിടെയൊരു പാര്‍ട്ടി പ്രോഗ്രാമായിരുന്നു. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു പൊതു പ്രവര്‍ത്തകനാണ് ഞാന്‍.

ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അത് ഉയര്‍ത്തിപിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്ത് എമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങള്‍ സാമൂഹിക നീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കി കിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാമെന്ന് ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല.

രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങള്‍ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ച് വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാകില്ലെന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്.

ഒരിക്കല്‍ പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനാണോ അതിനെതിരായി പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. നമ്മുടെ സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക സാമൂഹിക അസമത്വങ്ങള്‍ ഏറെ വര്‍ധിച്ച് വന്നിരിക്കുകയാണ്. നിര്‍ദേശക തത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമ നിര്‍മാണം നടത്താന്‍ ശ്രമം നടത്തിയാല്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടന വകുപ്പ് തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമ്മുടെ മുന്നിലുണ്ട്. കേരളം അതിന് ഉദാഹരണമാണ്.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ സംവിധാനം എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ എല്ലാം റദ്ദാക്കികൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

ഇതെല്ലാം രാജ്യത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ഭരണഘടന നിര്‍മാതാക്കളുടെ വീക്ഷണം സാധ്യമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ്.

സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിക്കുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഞാന്‍ ഈ പ്രസംഗം നടത്തുമ്പോള്‍ ബഹുമാനപ്പെട്ട ശ്രീ മാത്യു ടി തോമസും പ്രമോദ് എം.എല്‍.എയും പങ്കെടുത്തിട്ടുണ്ട്.

ഞാന്‍ എന്റെ പ്രസംഗത്തിന്റെ ആദ്യാവസാനം ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടും ഒരു രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. അവിടെ ഇരുന്ന ഒരാള്‍ക്കും വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എങ്കില്‍പോലും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എന്റേതായ ശൈലിയില്‍ ഞാന്‍ അവതരിപ്പിച്ചു. ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ വന്നിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ഭരണഘടനയില്‍ കൂറുള്ള ഒരു വ്യക്തി എന്ന നിലയില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സഭയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in