കത്ത് ഒരു നേതാവിന് എതിരായിരുന്നില്ല; നേതൃത്വം മൗനം പാലിക്കുന്നു; ആഞ്ഞടിച്ച് കപില്‍ സിബല്‍

കത്ത് ഒരു നേതാവിന് എതിരായിരുന്നില്ല; നേതൃത്വം മൗനം പാലിക്കുന്നു; ആഞ്ഞടിച്ച് കപില്‍ സിബല്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളെ ചിലര്‍ ആക്രമിക്കുമ്പോള്‍ നേതൃത്വം മൗനം പാലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഒരു നേതാവിനും എതിരെയായിരുന്നില്ല കത്തെഴുതിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം എന്നാഗ്രഹിച്ച് എഴുതിയ കത്തിലെ ആശങ്കകള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. കത്തിന്റെ പൂര്‍ണ്ണ രൂപവും പുറത്ത് വിട്ടു.

കത്തയച്ചതിന്റെ പേരില്‍ തങ്ങള്‍ പ്രവര്‍ത്തകസമിതിയില്‍ ആക്രമിക്കപ്പെട്ടു. നേതൃത്വം മൗനത്തിലായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ ആരോപിച്ചു. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന സമയമാണിതെന്ന് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാണോയെന്നും കപില്‍ സിബല്‍ ചോദിച്ചു.

പാര്‍ട്ടിക്ക് തിരിച്ചടിയേല്‍ക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പകരം കത്തെഴുതിയവരെ വിമതര്‍ എന്ന് വിളിക്കുകയാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു മറുപടി.

കത്തെഴുതിയവരെ നേതൃത്വം ഒഴിവാക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷ രൂപീകരിച്ച പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും ഗുലാം നബി ആസാദിനെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് കെപിസിസി പരസ്യ പ്രസ്താവനകള്‍ വിലക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in