വിലക്ക് വാക്കുകള്‍ക്ക് മാത്രമല്ല, പാര്‍ലമെന്റ് വളപ്പില്‍ ഇനി പ്രതിഷേധങ്ങളും വേണ്ടെന്ന് സെക്രട്ടറി ജനറല്‍

വിലക്ക് വാക്കുകള്‍ക്ക് മാത്രമല്ല, പാര്‍ലമെന്റ് വളപ്പില്‍ ഇനി പ്രതിഷേധങ്ങളും വേണ്ടെന്ന് സെക്രട്ടറി ജനറല്‍

പാര്‍ലമെന്റില്‍ അഴിമതിയും ലൈംഗിക പീഡനവും അടക്കം അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യാഗ്രഹമോ പാടില്ലെന്നാണ് സെക്രട്ടറി ജനറലിന്റെ പുതിയ ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.

അഴിമതി, മന്ദ ബുദ്ധി, സ്വേച്ഛാധിപതി, കൊവിഡ് വ്യാപി, നാട്യക്കാരന്‍, അരാജകവാദി, ശകുനി തുടങ്ങി അറുപതിലേറെ വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പുതിയ ഉത്തരവ് തള്ളി പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന പുതിയ ഉത്തരവ് വന്നിരി്ക്കുന്നത്.

പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ ലോക്‌സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in