'മൗലികാവകാശത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനാണ് കോടതി'; ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

'മൗലികാവകാശത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനാണ് കോടതി';  ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സുപ്രീം കോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.വ്യക്തി സ്വാതന്ത്യത്തിന്റെ കാര്യത്തില്‍ ഇടപെട്ട് ആശ്വാസം നല്‍കാനായില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ജാമ്യാപേക്ഷകള്‍ സുപ്രീം കോടതി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. വൈദ്യുതി മോഷണക്കേസില്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി 18 വര്‍ഷം ശിക്ഷ വിധിച്ച അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടാണ് നിയമമന്ത്രിയുടെ പ്രസ്താവനയോടുള്ള പരോക്ഷ പ്രതികരണം ഉണ്ടായത്.

9 കേസുകളിലായി 2 വര്‍ഷം വീതം ഉള്ള ശിക്ഷ ഒരേ സമയം അനുഭവിക്കാതെ തുടര്‍ച്ചയായി 18 വര്‍ഷം അനുഭവിക്കണമെന്നാണ് അധികാരികള്‍ പറയുന്നത്.

തീര്‍ത്തും ഞെട്ടിക്കുന്ന കേസ് എന്നാണ് കേസ് എടുത്ത ഉടനെ ചീഫ് ജസ്റ്റിസും ജസ്റ്റിസി പി എസ് നരസിംഹയും ചേര്‍ന്ന ബെഞ്ച് പറഞ്ഞത്.ഹര്‍ജിക്കാരന്‍ ഇപ്പോള്‍തന്നെ 7 വര്‍ഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ശിക്ഷ ഒരേ സമയം നടപ്പാക്കണമെന്നത് അലഹബാദ് ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് അപേക്ഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഈ കാര്യത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ മറ്റെന്താണ് ഞങ്ങളിവിടെ ചെയ്യേണ്ടതെന്നും വ്യക്തി സ്വാതന്ത്യ പ്രശ്‌നത്തില്‍ ഇടപെടാതെ, ഈ വ്യക്തിക്ക് റിലീസ് ഓര്‍ഡര്‍ നല്‍കാതെയിരുന്നാല്‍ പിന്നെന്തിനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഭരണഘടനയുടെ 136-ാം അനുച്ഛേദം അനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

നിങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ ഒരു കേസും ഒരുപാട് വലുതോ ഒരുപാട് ചെറുതൊ അല്ല, എന്തെന്തന്നാല്‍ മനസാക്ഷിക്കും പൗരസ്വാതന്ത്രത്തിനുമായി പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഓരോ പൗരന്റെയും മൗലികാവകാശത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനാണ് കോടതി ഉള്ളത്. എന്നാല്‍ കോടതി അത് ചെയ്തില്ലെങ്കില്‍ നീതി നിഷേധവും സ്വാതന്ത്ര്യ നിഷേധവും ഉണ്ടാകും.

വ്യക്തി സ്വാതന്ത്ര്യം ഭരണഘടന അംഗീകരിച്ച അമൂല്യമായ അവകാശമാണ്. അത്തരം പരാതികള്‍ പരിഗണിക്കുമ്പോള്‍ കോടതി ഭരണഘടനാ പരമായ കടമ നിര്‍വ്വഹിക്കുകയാണ്.വൈദ്യതി മോഷണത്തെ കൊലപാതകമായി ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് ആകില്ലെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in