ജനങ്ങളുടെ നികുതിപ്പണം പണയം വെച്ചുള്ള നാടകം; നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിക്കണമെന്ന് വിഡി സതീശന്‍

ജനങ്ങളുടെ നികുതിപ്പണം പണയം വെച്ചുള്ള നാടകം; 
നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം:നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കുവാന്‍ വീണ്ടും ശ്രമിച്ച് സര്‍ക്കാര്‍ മലയാളികളെ അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ''കേസിന്റെ തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാവും.

ഇതിനായി പണയം വയ്ക്കുന്നത് മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ്. ഓരോ തവണയും സര്‍ക്കാര്‍ കോടതികളുടെ കൈയ്യില്‍ നിന്നു കണക്കിനു വാങ്ങുമ്പോഴും പാഠം പഠിക്കുന്നില്ല'' വിഡി സതീശന്‍ പറഞ്ഞു. സംസ്‌കാരസമ്പന്നരെന്നും, രാഷ്ട്രീയ പ്രബുദ്ധരെന്നും ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി പറഞ്ഞിരുന്ന മലയാളിയെ നാണം കെടുത്തിയ സംഭവമായിരുന്നു അന്ന് നിയമസഭയില്‍ നടന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കുവാന്‍ വീണ്ടും ശ്രമിച്ച് സര്‍ക്കാര്‍ മലയാളികളെ അപമാനിക്കരുത്. സംസ്‌കാരസമ്പന്നരെന്നും, രാഷ്ട്രീയ പ്രബുദ്ധരെന്നും ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി പറഞ്ഞിരുന്ന മലയാളിയെ നാണം കെടുത്തിയ സംഭവമായിരുന്നു അന്ന് നിയമസഭയില്‍ നടന്നത്.

രാജ്യത്തെ ഒരു നിയമവ്യവസ്ഥയും ആ കേസ് പിന്‍വലിക്കുവാന്‍ അനുവദിക്കില്ല എന്ന് നിയമപരിജ്ഞാനം ഇല്ലാത്തവര്‍ക്ക് പോലും വ്യക്തമാവുന്ന കേസാണ് അത്. കേസിന്റെ തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാവും. ഇതിനായി പണയം വയ്ക്കുന്നത് മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ്.

ഓരോ തവണയും സര്‍ക്കാര്‍ കോടതികളുടെ കൈയ്യില്‍ നിന്നു കണക്കിനു വാങ്ങുമ്പോഴും പാഠം പഠിക്കുന്നില്ല. ബുദ്ധിരാക്ഷസന്‍മാരും നിയമ ഉപദേശകരും ചുറ്റും നിന്ന് സംരക്ഷിക്കുന്ന സര്‍ക്കാരിന് ഇതൊന്നും അറിയാഞ്ഞിട്ടല്ല. വീണ്ടും വീണ്ടും മലയാളിയെ അപമാനിക്കുകയാണ്. ജനാധിപത്യ കേരളം മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ചര്‍ച്ചയാക്കി വീണ്ടും വീണ്ടും മലയാളികളുടെ തല താഴ്ത്തിക്കാന്‍ സി.പി.എമ്മിനും സര്‍ക്കാരിനും എന്തിനാണ് ഇത്ര താല്‍പര്യം.

പോലീസിന്റെ ലാത്തിക്കും ഗ്രനേഡിനും മുന്നില്‍ സ്വന്തം പ്രവര്‍ത്തകരെ എറിഞ്ഞു കൊടുത്തിട്ട് നിയമസഭയിലെ പരിരക്ഷ എന്ന അബദ്ധവാദം ഉയര്‍ത്തി നേതാക്കന്മാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നത് സ്വന്തം പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്ന് കൂടി സി.പി.എം. തിരിച്ചറിയണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അപ്പീലുകള്‍ പിന്‍വലിച്ചു നിയമത്തെ അതിന്റെ വഴിക്ക് പോവാന്‍ അനുവദിക്കണം

Related Stories

No stories found.
logo
The Cue
www.thecue.in