നിമിഷ ഫാത്തിമയെ വെടിവെച്ചുകൊല്ലണമെന്ന് അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍; മൈക്ക് പിടിച്ചു വാങ്ങി ക്യാമറ തട്ടിമാറ്റി അമ്മ

നിമിഷ ഫാത്തിമയെ വെടിവെച്ചുകൊല്ലണമെന്ന് അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍; മൈക്ക് പിടിച്ചു വാങ്ങി ക്യാമറ തട്ടിമാറ്റി അമ്മ

തിരുവനന്തപുരം: പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്ന്, ഭര്‍ത്താവ് മരിച്ച ശേഷം അഫ്ഗാന്‍ ജയിലില്‍ കഴിയുകയാണ് നിമിഷ ഫാത്തിമ. നിമിഷ ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നതുമടക്കമുള്ള പരാമര്‍ശങ്ങളാണ് അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ നടത്തിയത്. വ്യൂ പോയിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

സെനികന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞതോടെയാണ് അമ്മ ബിന്ദു മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റിയത്. ലോക മനസാക്ഷി നിമിഷയുടെ കണ്ണീര്‍ കണ്ട് സന്തോഷിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.

അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന ഐ.എസ്. ഭീകരരുടെ വിധവകളായ ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ട് വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യണമെന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞിരുന്നു.

2016-2018 വര്‍ഷത്തിലാണ് കേരളത്തില്‍ നിന്നുള്ള നാലു വനിതകള്‍ അഫ്ഗാനിലേക്ക് പോകുന്നത്. ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 2019ല്‍ ഇവര്‍ നാലുപേരും അഫ്ഗാന്‍ പൊലീസിന് കീഴടങ്ങിയത്. ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. നാല് ഇന്ത്യക്കാര്‍ക്കു പുറമേ 16 ചൈനക്കാര്‍, 299 പാകിസ്താനികള്‍, 2 ബംഗ്ലാദേശുകാര്‍ എന്നിവരെയും അഫ്ഗാനില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

മാലിദ്വീപില്‍ നിന്നുള്ള രണ്ടുപേരെയും തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തടവിലാക്കിയവരെ തിരികെ അയക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ 13 രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in