'ഒളിച്ചോടൽ, മാനഭംഗം, വീട്ടമ്മ' വാക്കുകൾ ഉപയോഗിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സ്ത്രീകൂട്ടായ്മ

'ഒളിച്ചോടൽ, മാനഭംഗം, വീട്ടമ്മ' വാക്കുകൾ ഉപയോഗിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സ്ത്രീകൂട്ടായ്മ

പത്രങ്ങളിലെ വാക്കുകളും ഭാഷാപ്രയോഗങ്ങളും സ്ത്രീ വിരുദ്ധമാണെന്ന ആരോപണവുമായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് സ്ത്രീകളുടെ കൂട്ടായ്മായ മലയാളപ്പെണ്‍കൂട്ടം. വിഷയത്തെ കുറിച്ച് വനിതാ ശിശുക്ഷേമ മന്ത്രി, സാംസ്‌കാരിക മന്ത്രി, പത്രങ്ങള്‍ എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും കൂട്ടായ്മ അറിയിച്ചു.

മാധ്യമങ്ങളിൽ നിരന്തരമായി കാണപ്പെടുന്ന ആറ് പദപ്രയോഗങ്ങളാണ് പ്രധാനമായും മലയാളപ്പെണ്‍കൂട്ടം ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സൂചിപ്പിക്കാന്‍ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്, ഇന്നയാളുടെ ഭാര്യ/മകള്‍ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം ചരമ കോളങ്ങളിൽ മരിച്ച സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി, സ്ത്രീകളുടെ വിജയം വാര്‍ത്തയാക്കുമ്പോള്‍ (ഉദാ: Ph.D നേടിയ റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ/മകള്‍ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമര്‍ശിക്കുന്ന രീതി, സ്ത്രീകള്‍ ആര്‍ക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാൽ ‘ഒളിച്ചോടി’ എന്ന പ്രയോഗം, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണസംഖ്യ സൂചിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കം ഇത്ര പേര്‍ എന്ന് പ്രയോഗിക്കുന്നത്, വീട്ടുജോലികൾ എല്ലാവരുടെയും ഉത്തരവാദിത്വമാണെങ്കിലും സ്ത്രീകളെ മാത്രമായി വിശേഷിപ്പിക്കുന്ന ‘വീട്ടമ്മ’ എന്നീ പദപ്രയോഗങ്ങൾ സ്ത്രീ വിരുദ്ധമാണെന്നാണ് കൂട്ടായ്മ ആരോപിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15,21 എന്നിവ സ്ത്രീക്ക് പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും ലിംഗവിഭാഗം എന്ന നിലയിലുള്ള വിവേചനം പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ഈ പദപ്രയോഗങ്ങള്‍ ഈ അവകാശത്തിന്റെ നിഷേധമാണെന്നും കൂട്ടായ്മ ചൂണ്ടിക്കാണിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in