മലയാളത്തില്‍ തിരക്കഥയെഴുതാന്‍ യവനിക; ഉപയോഗസജ്ജമായി പുതിയ വെബ്സൈറ്റ്

മലയാളത്തില്‍ തിരക്കഥയെഴുതാന്‍ യവനിക; ഉപയോഗസജ്ജമായി പുതിയ വെബ്സൈറ്റ്

മലയാളം ഉള്‍പ്പടെ പ്രാദേശിക ഭാഷകളില്‍ തിരക്കഥയെഴുതുന്നവരുടെ പ്രധാന പ്രശ്‌നമായിരുന്നു കൃത്യമായ ഒരു സോഫ്റ്റ്വെയര്‍ ഇല്ല എന്നത്. 'സെല്‍ടെക്‌സ്', 'ഫൈനല്‍ ഡ്രാഫ്റ്റ്' തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് കൂടുതലായി തിരക്കഥാ രചനയ്ക്ക് ഉപയോഗിക്കപ്പെടുന്നതെങ്കിലും മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനും, ഫോര്‍മാറ്റ് ചെയ്യാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. അതുകൊണ്ട് തന്നെ സാധാരണയില്‍ കൂടുതല്‍ സമയം അത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരും. ഇതിനൊരു സ്ഥിരപരിഹാരമാവുകയാണ് യവനിക എന്ന വെബ്‌സൈറ്റ്.

കോഴിക്കോട് എന്‍ഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജിത്തുവാണ് യവനികയുടെ പിന്നില്‍. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജിത്തു സുഹൃത്തുക്കളായ തിരക്കഥാകൃത്തുക്കളുടെ ബുദ്ധിമുട്ട് പറഞ്ഞുകേട്ടപ്പോഴാണ് ഇത്തരത്തില്‍ ഒരു ആശയവുമായി മുന്നോട്ട് വരുന്നതെന്ന് ജിത്തു ദ ക്യൂവിനോട് പറഞ്ഞു. ഇലക്ട്രോണിക്‌സ് ബിരുദധാരിയായ ജിത്തു 'യവനിക' നാലു മാസം കൊണ്ട് വികസിപ്പിച്ചെടുക്കുന്നത്.

ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ അക്കൗണ്ട് ഉണ്ടാക്കാനും അതില്‍ ആവശ്യത്തിന് പ്രൊജെക്ടുകള്‍ പ്രത്യേകമായി ഉള്‍പ്പെടുത്തി തിരക്കഥ എഴുതാന്‍ കഴിയുന്ന രീതിയില്‍ ആണ് നിലവിലെ യവനികയുടെ ഘടന. ടാബ്, എന്റര്‍, എന്നീ കീകള്‍ ഉപയോഗിച്ച് ഫോര്‍മാറ്റ് ചെയ്യാനും, സീനുകളിലൂടെ നാവിഗേറ്റ് ചെയ്യാനുമുള്ള സൗകര്യം വെബ്സൈറ്റില്‍ ഉണ്ട്. ഓരോ സെക്കന്റിലും ഓട്ടോമാറ്റിക് ആയി സേവ് ആവുന്നത് കൊണ്ട് തന്നെ എഴുതിയ ഭാഗം നഷ്ടമാകുമെന്ന പേടി വേണ്ട. യവനികയില്‍ നിന്ന് തന്നെ നേരിട്ട് പിഡിഎഫ് ഫോര്‍മാറ്റിലേക്കും തിരക്കഥ മാറ്റിയെടുക്കാം.

നിലവില്‍ യവനിക എന്ന വെബ്സൈറ്റില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു ഭാഷകളില്‍ ടൈപ്പ് ചെയ്യാനാവും. ഇനിയും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ചേര്‍ക്കണം എന്നാണ് ജിത്തുവിന്റെ ആഗ്രഹം. തിരക്കഥ രചന യവനികയുടെ ഒരു ഭാഗം മാത്രമാണെന്നും ഇതൊരു മൂവി സ്റ്റുഡിയോ ആക്കാനാണ് ശ്രമിക്കുന്നതെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളില്‍ ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള മറ്റു സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചു ഷെയര്‍ ചെയ്യാവുന്ന രീതിയിലുള്ള കൊളാബോറേഷന്‍ ഫീച്ചറും യവനികയില്‍ ലഭ്യമാവും. ഡിജിറ്റലായി തിരക്കഥ രചിക്കാനാവുകയെന്നത് എന്തുകൊണ്ടും സൗകര്യപ്രദമായ കാര്യമാണ്. ഇത്തരത്തില്‍ പ്രാദേശിക ഭാഷകളില്‍ കൂടി എഴുതാനുള്ള അവസരം വരുന്നതിലൂടെ തിരക്കഥാകൃത്തുക്കള്‍ക്ക് കാര്യങ്ങള്‍ ഇനി കുറച്ചുകൂടെ എളുപ്പത്തിലാക്കുകയാണ് ജിത്തു.

Related Stories

No stories found.
logo
The Cue
www.thecue.in