ഐപിസിക്ക് പകരം ബിഎന്‍എസ്, സിആര്‍പിസിക്ക് പകരം ബിഎന്‍എസ്എസ്, എവിഡന്‍സ് ആക്ടിന് പകരം ബിഎസ്എ; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

ഐപിസിക്ക് പകരം ബിഎന്‍എസ്, സിആര്‍പിസിക്ക് പകരം ബിഎന്‍എസ്എസ്, എവിഡന്‍സ് ആക്ടിന് പകരം ബിഎസ്എ; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമസംഹിതകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ പീനല്‍ കോഡ്, ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്), സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയമം (ബിഎസ്എ) എന്നിവയാണ് നിലവില്‍ വന്നത്. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പുതിയ നിയമം അനുസരിച്ചായിരിക്കും. എന്നാല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ പഴയ നിയമങ്ങള്‍ അനുസരിച്ചു തന്നെ തുടരും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12ന് അവതരിപ്പിച്ച പുതിയ നിയമങ്ങള്‍ ഡിസംബര്‍ 13ന് പുതുക്കി അവതരിപ്പിക്കുകയും ഡിസംബര്‍ 25ന് രാഷ്ട്രപതി അംഗീകാരം നല്‍കുകയുമായിരുന്നു. പഴയ നിയമത്തിലുണ്ടായിരുന്ന പല കുറ്റങ്ങള്‍ക്കും പുതിയ നിയമ സംഹിതയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല കുറ്റകൃത്യങ്ങളെയും വ്യാഖ്യാനം മാറ്റി കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന വിധത്തില്‍ മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാറ്റങ്ങള്‍ ജനങ്ങളെ കാര്യമായി ബാധിക്കാനിടയുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടപ്പിലായ പുതിയ നിയമം അനുസരിച്ചുള്ള ആദ്യ എഫ്‌ഐആര്‍ ന്യൂഡല്‍ഹിയിലാണ് രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം മാര്‍ഗ്ഗ തടസം സൃഷ്ടിച്ചു കൊണ്ട് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ഒരു തെരുവു കച്ചവടക്കാരനെതിരെ കേസെടുക്കുകയായിരുന്നു. പട്‌ന സ്വദേശിയായ പങ്കജ് കുമാര്‍ എന്നയാളാണ് കേസിലെ പ്രതി.

Related Stories

No stories found.
logo
The Cue
www.thecue.in