അദാനി ഗ്രൂപ്പ് ഓഹരി വാങ്ങിയത് ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ; വിശദീകരണവുമായി എന്‍.ഡി.ടി.വി

അദാനി ഗ്രൂപ്പ് ഓഹരി വാങ്ങിയത് ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ; വിശദീകരണവുമായി എന്‍.ഡി.ടി.വി

അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഷെയര്‍ വാങ്ങിയതില്‍ വിശദീകരണവുമായി എന്‍.ഡി.ടി.വി സ്ഥാപകരായ രാധിക റോയിയും പ്രണോയ് റോയ്യും. ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡുമായോ (എന്‍.ഡി.ടി.വി) ചാനലിന്റെ സ്ഥാപകരായ രാധികയുമായോ പ്രണോയ് റോയിയുമായോ ചര്‍ച്ച നടത്താതെയാണ് വിശ്വപ്രധാന്‍ കമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓഹരി വാങ്ങിയതെന്ന് എന്‍.ഡി.ടി.വി.

സ്ഥാപനത്തിന്റെ അറിവോ സമ്മതമോ ചര്‍ച്ചയോ കൂടാതെയാണ് വിശ്വപ്രധാന്‍ കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നടപടി. നോട്ടീസ് വന്ന സമയത്ത് മാത്രമാണ് സ്ഥാപനം പോലും ഇക്കാര്യം അറിഞ്ഞതെന്ന് വ്യക്തമാക്കുകയാണെന്നും എന്‍.ഡി.ടി.വി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

2009-10ല്‍ എന്‍.ഡി.ടി.വി സ്ഥാപകരായ രാധികയും പ്രണോയിയുമായി ഉണ്ടാക്കിയ വായ്പാ കരാറിന്റെ അടിസ്ഥാനത്തിലാണ് വി.സി.പി.എല്‍ അവകാശങ്ങള്‍ വിനിയോഗിച്ചത്.

സ്ഥാപകരുടെ ഭാഗത്ത് നിന്ന് ഷെയര്‍ ഹോള്‍ഡിംഗില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് എന്‍.ഡി.ടി.വി സ്റ്റോക്ക് എക്സ്ചേഞ്ചസിനെ അറിയിച്ചിട്ടുണ്ട്.

എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് വഴിയാണ് എന്‍.ഡി.ടി.വിയില്‍ 29.18 ശതമാനം ഷെയര്‍ അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എ.ഇ.എല്‍) ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എ.എം.എന്‍.എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വി.സി.പി.എല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്.

മീഡിയ ഗ്രൂപ്പില്‍ 29.18 ശതമാനം ഓഹരിയുള്ള എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കാനുള്ള അവകാശം വി.സി.പി.എല്‍ വിനിയോഗിച്ചു. ഇത് ആര്‍.ആര്‍.പി.ആറിന്റെ നിയന്ത്രണം വി.സി.പി.എല്‍ ഏറ്റെടുക്കുന്നതിന് കാരണമായി എന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തനത്തില്‍ ഇതുവരെ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല, തങ്ങള്‍ ആ മാധ്യമപ്രവര്‍ത്തനം അഭിമാനത്തോടെ തുടരുമെന്നും എന്‍.ഡി.ടി.വി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in