ഈ അറസ്റ്റിന് ഞാന്‍ അര്‍ഹനായിരുന്നോ, ഇത് അസംബന്ധമല്ലേ?; ആര്യന്‍ ഖാന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്‍.സി.ബി ഉദ്യോഗസ്ഥന്‍

ഈ അറസ്റ്റിന് ഞാന്‍ അര്‍ഹനായിരുന്നോ, ഇത് അസംബന്ധമല്ലേ?; ആര്യന്‍ ഖാന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്‍.സി.ബി ഉദ്യോഗസ്ഥന്‍

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനുമായി അന്വേഷണത്തിനിടെ തുറന്നു സംസാരിച്ചിരുന്നെന്ന് വെളിപ്പെടുത്തി എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗ്.

അന്വേഷണത്തിനിടെ ആര്യന്‍ ഖാന്‍ തന്നോട് മനസു തുറന്നുവെന്നും എന്തിനാണ് തന്നെ ജയിലില്‍ അടച്ചതെന്ന് ചോദിച്ചെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് സിംഗ് ആര്യന്‍ ഖാനുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധമല്ലേ, തന്റെ പക്കല്‍ നിന്നും എന്തെങ്കിലും മയക്ക് മരുന്ന് കണ്ടെടുത്തിട്ടുണ്ടോ എന്നും ആര്യ ഖാന്‍ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.

'സര്‍, നിങ്ങളെന്നെ ഒരു അന്താരാഷ്ട്ര മയക്ക് മരുന്ന് കടത്തുകാരനായി ചിത്രീകരിച്ചിരിക്കുകയാണ്. ഈ കുറ്റങ്ങള്‍ അസംബന്ധമായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ? എന്റെ പക്കല്‍ നിന്ന് ആ ദിവസം അവര്‍ക്ക് മയക്കുമരുന്നൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലല്ലോ. എന്നിട്ടും അവരെന്നെ അറസ്റ്റ് ചെയ്തു. സര്‍, നിങ്ങളെന്നോട് ചെയ്തത് വലിയ തെറ്റാണ്. എന്റെ പ്രശസ്തി നിങ്ങള്‍ നശിപ്പിച്ചു. എന്തിനാണ് ഞാന്‍ ഈ ജയിലില്‍ ആഴ്ചകളോളം കിടക്കുന്നത്, ഞാന്‍ അതിന് അര്‍ഹനാണോ?,' ആര്യന്‍ ഖാന്‍ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.

അന്വേഷണത്തിനിടെ ഷാരൂഖ് ഖാന് തന്നെ കാണണം എന്നുണ്ടായിരുന്നു. മറ്റുള്ള പ്രതികളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതിനാല്‍ അദ്ദേഹത്തിനും കാണാന്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. തങ്ങള്‍ രണ്ട് പേരും നേരില്‍ കണ്ടപ്പോള്‍ ഷാരൂഖ് ഖാന്‍ തന്റെ മകന്റെ മാനസികവും വൈകാരികവുമായ അവസ്ഥയെക്കുറിച്ച് ആശങ്കാകുലനായിരുന്നുവെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ആര്യന്‍ ഖാനെതിരെ തെളിവുകളില്ലാതിരുന്നിട്ടും അധിക്ഷേപിച്ചെന്നും സമൂഹത്തെ നശിപ്പിക്കാന്‍ പുറപ്പെട്ട കുറ്റവാളികളും രാക്ഷസന്മാരുമായി ഞങ്ങളെ ചിത്രീകരിച്ചെന്നും ഷാരൂഖ് പറഞ്ഞതായി സഞ്ജയ് സിംഗ് പറഞ്ഞു.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിലാണ് ആര്യഖാനെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തത്. 25 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. 2022 മെയ് 28ന് ആര്യന്‍ ഖാന് തെളിവുകളുടെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in