‘രാഷ്ട്രീയലക്ഷ്യം ഉപേക്ഷിച്ച് നാളെ കുട്ടികള്‍ എന്ത് കഴിക്കുമെന്ന് ചിന്തിക്കൂ’, പ്രതിപക്ഷ നേതാക്കളോട് ഒരു അമേരിക്കന്‍ മലയാളിയുടെ അപേക്ഷ

‘രാഷ്ട്രീയലക്ഷ്യം ഉപേക്ഷിച്ച് നാളെ കുട്ടികള്‍ എന്ത് കഴിക്കുമെന്ന് ചിന്തിക്കൂ’, പ്രതിപക്ഷ നേതാക്കളോട് ഒരു അമേരിക്കന്‍ മലയാളിയുടെ അപേക്ഷ

കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മനുഷ്യജീവന് പ്രാധാന്യം നല്‍കി നാളെയെ കുറിച്ചി ചിന്തിക്കൂ എന്ന് കേരളത്തിലെ പ്രതിപക്ഷ നേതാക്കളോട് അമേരിക്കന്‍ മലയാളിയായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. കേരളം വളരം നല്ല രീതിയിലാണ് കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതെന്നും, അമേരിക്കയേക്കാളും മുന്നിലാകാന്‍ കേരളത്തിന് ഇക്കാര്യത്തില്‍ സാധിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ നസീര്‍ ഹുസൈന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിപ്പ വൈറസ് വളരെ നന്നായി കൈകാര്യം ചെയ്ത അനുഭവമാണ്, കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സഹായകരമായത്. കേരളത്തിലും അമേരിക്കയിലും ഏകദേശം ഒരേ സമയത്താണ് കൊവിഡ് വ്യാപനം തുടങ്ങുന്നത്. എന്നാല്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം സ്വീകരിച്ച മൃദുസമീപനം തിരിച്ചടിയായി. കേരളം ഈ സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. രോഗികളുടെ റൂട്ട് മാപ്പ് ഉള്‍പ്പടെ തയ്യാറാക്കി. അമേരിക്കയില്‍ പക്ഷെ ഗൗരവം മനസിലാക്കി വന്നപ്പോള്‍ സമയം വൈകിയിരുന്നു.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ വേണ്ടിവരും. കൊറോണ കാലം കഴിയുന്നത് വരെ തല്‍കാലം ഡാറ്റ സ്വകാര്യത എന്നത് ഒരു ഭാഗത്തേക്ക് മാറ്റിവെക്കുകയാണ് വേണ്ടത്. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും അമേരിക്ക പോലും സ്വകാര്യതയുമായി ബന്ധപ്പെട്ട ഹിപ്പ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പക്ഷെ ഇത്തരമൊരു നടപടി കേരളം സ്വീകരിച്ച് കഴിയുമ്പോള്‍ അതിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉയരുന്നത്.

അമേരിക്കയില്‍ നടന്നത് പോലെയോ അതിനും മോശമായോ കൊവിഡ് കേരളത്തെ ബാധിച്ചിരുന്നുവെങ്കില്‍, എന്തുകൊണ്ട് ഒരു ഡാറ്റാ അനലിസ്റ്റ് കമ്പനിയെ വെച്ച് വിവരങ്ങള്‍ വിശകലനം ചെയ്തില്ല എന്ന് സര്‍ക്കാരിനോട് നാളെ നമ്മള്‍ ചോദിക്കുമായിരുന്നു. അപ്പോള്‍ സ്വകാര്യത സംബന്ധിച്ച വിഷയം സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചാല്‍, ആയിരമോ ഇരുപതിനായിരമോ ആളുകളുടെ ജീവനാണോ നിങ്ങള്‍ക്ക് വലുത് അല്ലെങ്കില്‍ ഡാറ്റയാണോ എന്ന് ആളുകള്‍ ചോദിക്കുമായിരുന്നു.

2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍, ചിലര്‍ പറയുന്നത് പോലെ പെട്ടെന്ന് തട്ടിക്കൂട്ടിയെടുക്കാവുന്ന സോഫ്റ്റ് വെയര്‍ ഒന്നുമാകില്ല അവര്‍ ഉപയോഗിക്കുന്നത്. അങ്ങനെയൊരു സോഫ്റ്റ് വെയര്‍ വെച്ച് ഒരു കമ്പനിക്ക് 2 ബില്യണ്‍ ഡോളര്‍ ആസ്ഥിയുണ്ടാക്കാനുമാകില്ല. അപകടനില തരണം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍, ഇതില്‍ രാഷ്ട്രീയം കലര്‍ത്താതെ നാടിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടത്. കുറെയധികം പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ച് വരാനുള്ള സാധ്യതയുണ്ട്. അവര്‍ക്കായി എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കാം. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാം.

കേരളത്തെ കുറിച്ച് അഭിമാനം തോന്നുന്ന തരത്തിലുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ കേരളം എങ്ങനെ കൊറോണയെ നേരിട്ടുവെന്നത് പഠന വിഷയമാകാന്‍ വരെ സാധ്യതയുണ്ട്.

കൊറോണ ഭീതിയൊഴിഞ്ഞിട്ടില്ല, സ്പ്രിങ്ക്‌ളറൊക്കെ ചര്‍ച്ച ചെയ്യാനും കേസുകൊടുക്കാനുമൊക്കെ ഇനിയും സമയമുണ്ട്. ഇപ്പോള്‍ മനുഷ്യജീവനും, നാളെ നമ്മളും നമ്മുടെ കുട്ടികളും എന്ത് കഴിക്കുമെന്നതുമടക്കമുള്ള കര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറ്റാവുന്നത് പോലെ സഹായം ചെയ്യാമെന്നും നസീര്‍ ഹുസൈന്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in