ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ചു; പിന്‍മാറ്റം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ

ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ചു; പിന്‍മാറ്റം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന വിമര്‍ശനത്തിന് പിന്നാലെ
Published on

ദേശീയ പശു വിജ്ഞാന പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചു. ഫെബ്രുവരി 25നായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 21ന് നടക്കേണ്ടിയിരുന്ന മോക്ക് ടെസ്റ്റും മാറ്റി വെച്ചിട്ടുണ്ട്. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിലാണ് പരീക്ഷ മാറ്റിവെച്ച് കൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പശു വിജ്ഞാന പരീക്ഷയുടെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ് അന്ധവിശ്വാസവും അസത്യങ്ങളും പ്രചരിപ്പിക്കരുതെന്നായിരുന്നു വിമര്‍ശനം. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ട് എന്നടക്കം വെബ്‌സൈറ്റിലുണ്ടായിരുന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.

നാടന്‍പശുക്കളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ദേശീയ പശു വിജ്ഞാന പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഈ പരീക്ഷയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സി കത്തയച്ചിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് വിവാദമായത്.

നാല് വിഭാഗങ്ങളിലായിട്ടായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.54 പേജുള്ള പരീക്ഷ സഹായിയും പുറത്തിറക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in