ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി ബോംബെ ഹൈക്കോടതി

ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി ബോംബെ ഹൈക്കോടതി
Published on

കള്ളപ്പണം ഇടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഇടക്കാല ജാമ്യം നീട്ടി ബോംബെ ഹൈക്കോടതി. നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കിയത്. അര്‍ബുദ രോഗബാധിതനായ നരേഷ് ഗോയലിന് ശസ്ത്രക്രിയ നടത്തുന്നതിനായാണ് ഇളവ്. 538 കോടി രൂപയുടെ കള്ളപ്പണയിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഗോയലിന് കഴിഞ്ഞ മെയ് മാസത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ചികിത്സയുടെ ഭാഗമായാണ് അന്ന് ജാമ്യം നല്‍കാന്‍ കോടതി തയ്യാറായത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി കാട്ടി നരേഷ് ഗോയല്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥിരജാമ്യം അനുവദിക്കണമെന്ന് കാട്ടി ഗോയല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജി പിന്നീട് പരിഗണിക്കും.

ജെറ്റ് എയര്‍വേയ്‌സിന് കാനറ ബാങ്ക് അനുവദിച്ച 538.62 കോടി രൂപ അനധികൃതമായി കടത്തിയെന്ന് ആരോപിച്ചാണ് നരേഷ് ഗോയലിനെതിരെ ഇഡി കേസെടുത്തത്. 2023 സെപ്റ്റംബറിലായിരുന്നു അറസ്റ്റ്. നവംബറില്‍ ഗോയലിന്റെ ഭാര്യ അനിത ഗോയലിനെയും അറസ്റ്റ് ചെയ്‌തെങ്കിലും അര്‍ബുദബാധിതയായ അവര്‍ക്ക് അന്നു തന്നെ കോടതി ജാമ്യം നല്‍കിയിരുന്നു. ഒന്‍പത് മാസത്തിനു ശേഷം കഴിഞ്ഞ മെയ് 6നാണ് നരേഷ് ഗോയലിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മെയ് 16ന് അനിത ഗോയല്‍ അന്തരിച്ചു.

ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്ന കര്‍ശന വ്യവസ്ഥയോടെയായിരുന്നു ഇടക്കാല ജാമ്യം. ഏപ്രില്‍ 10ന് പിഎംഎല്‍എ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഗോയല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താനും ഭാര്യയും കാന്‍സര്‍ രോഗികളാണെന്നും അതും തന്റെ പ്രായവും പരിഗണിക്കാതെ ജാമ്യം നിഷേധിക്കുകയാണെന്നും ഹൈക്കോടതിയില്‍ നരേഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in